ഡോ. ശമീർ നൂറാനി: അർപ്പണ ബോധത്തിന്റെ വിജയഗാഥ
Dr. MAH Azhari
Jamia Madeenthunnoor Success Stories-1
പ്രിയപ്പെട്ട ശമീർ നൂറാനി ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് നേടി, ഉപരി പഠനത്തിനായി അമേരിക്കയിലേക്ക് പുറപ്പെടുകയാണ്. കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും പര്യായമായിരുന്നു ശമീറിന്റെ പഠന കാലം. ഇന്റേണൽ മാർക്കുൾപ്പെടുത്തിയിട്ടു പോലും, എസ്.എസ്.എൽ.സിക്ക് ഇംഗ്ലീഷിൽ D+ ഗ്രേഡ് മാത്രം നേടിയ ഒരു വിദ്യാർഥിയായിരുന്നു ശമീർ. അതേ ശമീറാണ്, അമേരിക്ക പോലുള്ള ഒരു ഇംഗ്ലീഷ് രാജ്യത്തെ ഏറ്റവും ഉയർന്ന സ്കോളർഷിപ്പുകളിൽ ഒന്ന് കരസ്ഥമാക്കുന്നത്. കേംബ്രിഡ്ജ്, ടയ്ലർ & ഫ്രാൻസിസ് ഉൾപ്പെടെയുള്ള ലോക പ്രസിദ്ധ പ്രസാധകരുടെ ജേണലുകളുടെ എഡിറ്ററായി സേവനം ചെയ്യുന്നത്.കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് ഒരു കൊച്ചു ഗ്രാമത്തിലാണ് ശമീർ ജനിച്ചതും വളർന്നതുമെല്ലാം. അക്കാലത്ത് പ്ലസ് ടു വരെ മാത്രമേ അവിടത്തെ കുട്ടികൾ പഠിക്കാറുണ്ടായിരുന്നൊള്ളൂ. എങ്ങനെയെങ്കിലും പ്ലസ് ടു തീർത്ത് ജോലിക്ക് കയറണമെന്നായിരുന്നു അന്നത്തെ കുട്ടികളുടെ ചിന്താഗതി. പഠനത്തിലെ പിന്നോക്കാവസ്ഥ കണ്ട്, ശമീർ പ്ലസ് ടു പോലും പൂർത്തിയാക്കില്ലെന്നാണ് അദ്ദേഹവും കുടുംബവും സഹപാഠികളും അധ്യാപകരും കരുതിയിരുന്നത്. ശമീറിന്റെ ജ്യേഷ്ഠനും അനിയത്തിയുമെല്ലാം പ്ലസ് ടു വരെ പഠിച്ച ആളുകളാണ്. SSLC ക്ക് ശേഷം മർകസ് ഗാർഡനിൽ വന്നില്ലായിരുന്നെങ്കിൽ ഞാനും കൂടുതലൊന്നും പഠിക്കുമായിരുന്നില്ല എന്ന് ശമീർ തന്നെ പറയാറുണ്ട്.
വിദ്യാർഥികൾ കൂടുതൽ പഠിക്കാൻ താല്പര്യപ്പെടുന്നില്ലെന്നും, ഏതെങ്കിലും സ്ഥാപനങ്ങളിൽ പോയി പഠിക്കുന്നവർ മാത്രമേ പഠനം തുടരുന്നൊള്ളൂ എന്നും അവിടെയുള്ള സംഘടനാ നേതാക്കൾ മനസ്സിലാക്കിയിരുന്നു. അവരുടെ ശ്രദ്ധയെ പ്രത്യേകം അഭിനന്ദിക്കേണ്ടത് തന്നെയാണ്. ആ നാട്ടുകാരൻ തന്നെയായിരുന്ന, അന്ന് പൂനൂരിൽ പഠിച്ചുകൊണ്ടിരുന്ന ജസീൽ നൂറാനിയുടെ പ്രകടന മികവ് കണ്ട എളാപ്പ അഷ്‌റഫ് ലത്വീഫി ശമീറിനെയും കൊണ്ട് മർകസ് ഗാർഡനിലെത്തി. ശമീറിന്റെ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും മാറാൻ തുടങ്ങി. സ്വപ്നങ്ങൾക്ക് വലുപ്പം കൂടി. സദാ സമയവും അധ്വാനിക്കാൻ ശമീർ തയ്യാറായിരുന്നു. സുബ്ഹി മുതൽ വൈകുന്നേരം വരെയും അതിനു ശേഷവും പഠനവുമായുള്ള നിരന്തര സമ്പർക്കത്തിന് മർകസ് ഗാർഡൻ ക്യാമ്പസ് ശമീറിന് സാധ്യതകൾ തുറന്ന് കൊടുത്തു.
പതിയെ പതിയെ, ശമീർ ഓരോ കഴിവുകൾ ആർജ്ജിച്ചു തുടങ്ങി. പഠന വിഷയങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം പാഠ്യേതര സാമർഥ്യങ്ങളിലും ഭാഷാ പഠനങ്ങളിലും അദ്ദേഹം കൈ വെച്ച് തുടങ്ങി. വിനയാന്വിതനായിരുന്ന ശമീറിന് ആരോടും ചോദിച്ചു പഠിക്കാൻ മടിയുണ്ടായിരുന്നില്ല. അധ്യാപകരുടെയും സഹപാഠികളുടെയും സീനിയേഴ്‌സിന്റെയും സഹായത്തോടെ ഇംഗ്ലീഷും അദ്ദേഹം മെച്ചപ്പെടുത്തി. ദി ഹിന്ദുവിൽ ശമീറിന്റെ പ്രതികരണങ്ങൾ അച്ചടിച്ച് വന്നു. ദൈർഘ്യവും ആഴവുമുള്ള ലേഖനങ്ങൾ ശമീറിന്റേതായി വെളിച്ചം കണ്ടു.
കിതാബ് പരീക്ഷകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ശമീർ എപ്പോഴുമുണ്ടാകുമായിരുന്നു. അക്കാദമിക പഠനങ്ങളിൽ അത്ര തിളങ്ങുന്ന ഒരു പ്രതിഭയൊന്നുമായിരുന്നില്ല. സോഷ്യോളജിയിലായിരുന്നു ബിരുദ പഠനം. ഗാർഡനിലെ ഏഴ് വർഷ കോഴ്സ് പൂർത്തീകരിച്ച ശേഷം, തുടർന്ന് എന്ത് പഠിക്കണമെന്ന തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികളും ഞങ്ങൾ ഉസ്താദുമാരും രക്ഷിതാക്കളും കൂടിയിരുന്ന് ചർച്ച നടത്തിയിരുന്നു. ശമീറിന്റെ മന്തിഖിലെ സവിശേഷമായ സാമർഥ്യം മനസ്സിലാക്കി ലോ പഠിക്കലായിരിക്കും ശമീറിന് നന്നാവുക എന്ന ധാരണയിലാണ് ഞങ്ങൾ അന്ന് എത്തിയിരുന്നത്. അതിനു വേണ്ടി ഒരുങ്ങുന്നതോടൊപ്പം, വ്യത്യസ്ത യൂണിവേഴ്സിറ്റികളിലേക്കുള്ള എൻട്രൻസ് പരീക്ഷകൾക്ക് വേണ്ടിയും ശമീർ തയ്യാറെടുക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായ ജെ.എൻ.യുവിലെ ഇന്റർനാഷണൽ റിലേഷൻസിലേക്കുള്ള പിജി എൻട്രൻസ് പരീക്ഷയിലും ശമീർ പങ്കെടുത്തു. അഡ്മിഷൻ നേടുകയും ചെയ്തു.
മർകസ് ഗാർഡനിൽ മർഹൂം ചാലിയം ബാവ ഹാജിയുടെ സ്പോൺസർഷിപ്പിൽ ആരംഭിച്ച സിവിൽ സർവീസ് കോച്ചിങ് സെന്ററാണ് ശമീറിന് ആ മേഖലയിലേക്ക് വെളിച്ചം പകർന്നത്. ആഗോള, ഇന്ത്യൻ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചും ചരിത്രങ്ങളെ കുറിച്ചും ഇടയ്ക്കിടെ ലഭിച്ചുകൊണ്ടിരുന്ന ക്ലാസ്സുകളിലൂടെ അദ്ദേഹത്തിന്റെ അറിവും കാഴ്ചപ്പാടും വികസിച്ചു. പ്രസ്തുത അക്കാദമിയാണ് തനിക്കും വെള്ളവും വളവും നൽകിയതെന്ന് ഈയിടെ സിവിൽ സർവീസ് റാങ്ക് ജേതാവായ ഫസൽ നൂറാനിയും പങ്കു വെച്ചിരുന്നു. ഇന്ത്യൻ യൂണിവേഴ്സിറ്റികളിലെ ഐ.ആർ ഡിപ്പാർട്‌മെന്റുകളിലെ വലിയൊരു ശതമാനം വിദ്യാർഥികളും സിവിൽ സർവീസ് ആസ്‌പിറന്റ്‌സാണെന്നതാണ് വസ്തുത.
പിജിയുടെ മൂന്നാം സെമസ്റ്റർ സമയത്ത് തന്നെ അദ്ദേഹം നെറ്റും, നാലാം സെമെസ്റ്ററോടെ ജെആറെഫും നേടി. പിജിക്ക് ശേഷം, ന്യൂക്ലിയർ ആയുധങ്ങളുടെ ഉപയോഗവും ഇസ്‌ലാമിക യുദ്ധ നിയമങ്ങളും ബന്ധപ്പെടുത്തിക്കൊണ്ട്, അവിടെ വെച്ച് തന്നെ അദ്ദേഹം എംഫിൽ പൂർത്തീകരിച്ചു. ഇസ്രാഈൽ- ഫലസ്തീൻ വിഷയത്തെ മുൻനിർത്തി രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് ഇസ്‌ലാം എങ്ങനെ പരിഹാരം നിർദേശിക്കുന്നു എന്ന വിഷയത്തിൽ പിഎച്ച്ഡിയും ചെയ്തു.
അദ്ദേഹത്തിന്റെ ഗവേഷണ പഠനത്തിന്റെ ചില ഭാഗങ്ങൾ റൂട്ലെഡ്ജ് പുബ്ലിക്കേഷൻ ഇംഗ്ലീഷിലും IPB മലയാളത്തിലും പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒടുവിൽ, അമേരിക്കയും ഇന്ത്യയും തമ്മിൽ വിദ്യാഭ്യാസപരമായി കൈകോർക്കുന്ന സുപ്രധാന സ്കോളർഷിപ്പായ ഫുൾബ്രൈറ്റിന് വരെ അദ്ദേഹം അർഹനായിരിക്കുന്നു.
നിലവിൽ, ശമീർ കേരള യൂണിവേഴ്സിറ്റിയിൽ വെസ്റ്റ് ഏഷ്യൻ പഠന വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയാണ്. ഒരു സാധാരണ കുടുംബത്തിന് ഉന്നത വിദ്യാഭ്യാസത്തിന്റെ ചെലവുകൾ താങ്ങാൻ കഴിയുമോ എന്ന് സംശയിച്ച് പഠനം പാതി വഴിയിൽ ഉപേക്ഷിക്കുന്നവരാണ് പലരും. അതും പുറം നാടുകളിൽ പോയുള്ള പഠനം എന്ന് പറയുമ്പോൾ തന്നെ ആശങ്കപ്പെടാറാണ് ചിലരുടെയെങ്കിലും പതിവ്. ജെആറെഫ് ലഭ്യമായതിനു ശേഷം സാമ്പത്തികമായ ആവശ്യങ്ങൾക്ക് അത് മതിയാകുമായിരുന്നെങ്കിലും, അതിനു മുൻപുള്ള പഠന കാലത്തെ ചെലവുകൾ ശമീറിനും ബുദ്ധിമുട്ടാകുമായിരുന്നിരിക്കാം. മർകസ് ഗാർഡൻ സൗജന്യമായി നൽകുന്ന സൗകര്യങ്ങളും സംവിധാനങ്ങളും, ഉപയോഗപ്പെടുത്തുന്ന മിടുക്കരായ വിദ്യാർഥികൾക്ക് വലിയ സമാധാനമാണ്. ഡൽഹിയിൽ ചെന്നയുടനെ ശമീറിനെ പോലെയുള്ള ധാരാളം പഠിതാക്കൾക്ക് ധനസഹായം നൽകാൻ RCFI പോലുള്ള നമ്മുടെ സംരംഭങ്ങളും ഉണ്ടായിരുന്നു. നമ്മുടെ സമ്പത്തും സമയവും സംവിധാനങ്ങളും ഊർജ്ജവുമെല്ലാം നമ്മൾ ചെലവഴിക്കുന്നത് ഇത്തരം വിദ്യാഭ്യാസ വിപ്ലവങ്ങൾ സാധ്യമാകാൻ വേണ്ടിയാണല്ലോ. ശമീറിനെ പോലുള്ള പ്രതിഭകൾ നമ്മുടെ പ്രതീക്ഷക്കൊത്തും അതിനപ്പുറവും വളരുന്ന മനോഹരമായ കാഴ്ച്ച നൽകുന്ന കൺകുളിർമ മാത്രം മതി, ഏത് പ്രതികൂല സാഹചര്യത്തെയും മറികടക്കാനുള്ള ധൈര്യം ലഭിക്കാൻ.