ഫള്ൽ നൂറാനി IFS: സിവിൽ സർവീസ് സ്വപ്‌നങ്ങൾ പൂവണിഞ്ഞ് തുടങ്ങുന്നു

Dr. MAH Azhari

Jamia Madeenthunnoor Success Stories-2

ഏഴ് വർഷത്തെ കോഴ്സ് പൂർത്തിയാക്കിയ ശേഷം ഉപരി പഠനത്തിനായി തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ ഭാവി പദ്ധതികളെ കുറിച്ച് വളരെ വിശദമായി തന്നെ ഉസ്താദുമാരും രക്ഷിതാക്കളും കൂടിയിരുന്ന് ചർച്ച ചെയ്യുന്ന ശീലമുണ്ട് ജാമിഅ മദീനത്തുന്നൂറിൽ. വിദ്യാർഥികളുടെ ആഭിമുഖ്യവും അഭിരുചിയുമനുസരിച്ച് സാധ്യമായ ഏറ്റവും മികച്ച അവസരങ്ങളിലേക്ക് എത്തിക്കാൻ ജാമിഅ കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട്.

ജാമിഅയിലെ പത്താം ബാച്ച് പുറത്തിറങ്ങാനിരിക്കുന്ന സമയത്ത്, 2017 ൽ, ബാച്ചിലെ ഓരോരുത്തരോടും ഭാവിയിലേക്കുള്ള അവരുടെ ഹ്രസ്വ, ദീർഘ കാല പദ്ധതികൾ എഴുതിത്തരാൻ ഞാൻ ആവശ്യപ്പെട്ടു. ഓരോരുത്തരും അവരവരുടെ സ്വപ്നങ്ങളുടെയും ലക്ഷ്യങ്ങളുടെയും ലിസ്റ്റുകൾ സമർപ്പിച്ചു. അവർ മൊത്തം 25 പേരുണ്ടായിരുന്നു. കിട്ടിയ എഴുത്തുകളുടെ കൂട്ടത്തിൽ, ദൃഢനിശ്ചയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മഷി പടർന്ന ഒരു കടലാസ് കഷ്ണം ഒരു 22 കാരൻ എന്റെ കയ്യിൽ ഏൽപ്പിച്ചു. അദ്ദേഹമൊരു സിവിൽ സർവന്റാകുമെന്ന് അതിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഏഴ് വർഷങ്ങൾക്കിപ്പുറം, ആ ചെറുപ്പക്കാരന്റെ പേരിനൊപ്പം മൂന്നക്ഷരങ്ങൾ കൂടി തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നു. ഫള്ൽ നൂറാനി IFS.

ഇന്ത്യയിലെ ഏറ്റവും ദുഷ്കരമായ മത്സര പരീക്ഷകളിൽ ഒന്നാണ് സിവിൽ സർവീസ് എക്സാം. കാലങ്ങളോളം പരിശീലിക്കുകയും തയ്യാറെടുക്കുകയും ചെയ്ത വിദ്യാർഥികളാണ് പൊതുവെ സിവിൽ സർവന്റുകളാകാറുള്ളത്. SSLC ക്കു ശേഷം ഏഴ് വർഷക്കാലം ഇസ്‌ലാമിക് സയൻസിലെ ഗഹനമായ പഠനത്തോടൊപ്പം ഒരാൾ കടുപ്പം പിടിച്ച സി.എസ് മത്സര പരീക്ഷ വിജയകരമായി മറികടക്കുക എന്നത് ഫള്ലിന്റെ ആഗമനം വരെയും അസാധ്യം എന്ന് തന്നെ കരുതപ്പെട്ടിരുന്ന ഒന്നാണ്. അദ്ധ്വാനം കൊണ്ടും തവക്കുൽ കൊണ്ടും സാധ്യമാകുന്ന കാര്യങ്ങളുടെ അതിരുകൾ ഇപ്പോഴും നിശ്ചയിക്കപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് ഫള്ൽ നമ്മെ പഠിപ്പിക്കുന്നത്.

SSLC യിലെ ഫുൾ A+ മുതൽ, ഓരോ പരീക്ഷയിലും ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി ജയിച്ചു വന്ന മിടുക്കനായ വിദ്യാർഥിയായിരുന്നു ഫള്ൽ. മദീനത്തുന്നൂറിൽ എത്തിയ ശേഷവും പഠനത്തിലെ മികവ് നിലനിർത്തി. ആദ്യമായി അവരുടെ ബാച്ചിൽ നിന്നും ഒരു അച്ചടി മാധ്യമത്തിൽ എഴുത്ത് വരുന്നതും അദ്ദേഹത്തിന്റേതാണെന്ന് സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നു. സിറാജ് ദിനപത്രത്തിൽ ഒരു പ്രതികരണമെഴുതി പാഠ്യേതര വിഷയങ്ങളിലും അദ്ദേഹം കഴിവ് മെച്ചപ്പെടുത്താൻ തുടങ്ങി. പ്രസംഗിക്കാനും വായിക്കാനും എഴുതാനും ചർച്ച ചെയ്യാനും ജാമിഅ ഒരുക്കിക്കൊടുക്കുന്ന അവസരങ്ങളുടെ നീണ്ട നിര ഫള്ൽ ആവേശത്തോടെയും ആവശ്യം മനസ്സിലാക്കിയും പ്രയോജനപ്പെടുത്തി.

മദീനത്തുന്നൂറിലെ സ്റ്റുഡന്റസ് യൂണിയനു കീഴിലുള്ള ലിറ്റററി മീറ്റുകളുടെ നടത്തിപ്പ് കമ്മിറ്റി സെക്രട്ടറിയായി ചുമതലയുള്ള സമയത്ത് ഫള്ൽ കൊണ്ട് വന്ന ക്രിയാത്മക മാറ്റങ്ങളെ കുട്ടികൾ വളരെ ആർജവത്തോടെയാണ് സ്വീകരിച്ചത്. അത്രമേൽ, സമൃദ്ധമായിരുന്നു അദ്ദേഹത്തിന്റെ പദ്ധതികൾ. അതിനേക്കാളേറെ, തന്റെ സംഘാടന ശേഷി പുഷ്ടിപ്പെട്ടത്, ക്ലീനിങ് കമ്മിറ്റി തലവനായിരുന്ന കാലത്താണെന്നാണ് ഫള്ൽ കരുതുന്നത്. ജാമിഅയിലെ ക്ലീനിങ് മുതൽ ഗാർഡനിങ് വരെ വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ തന്നെയാണ് നടക്കാറുള്ളത്. അതവരുടെ സംഘാടന ശേഷിയും സമൂഹത്തോടും പ്രകൃതിയോടുമുള്ള പ്രതിബദ്ധതയും വർധിപ്പിക്കുമെന്നത് കൊണ്ട് തന്നെയാണ് ജാമിഅ അത്തരം തീരുമാനങ്ങളെടുക്കുന്നത്. ഫള്ലിനെ പോലെയുള്ള, നമ്മുടെ ആഗ്രഹങ്ങളുടെ ആത്മാവറിഞ്ഞ വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിൽ അത്തരം ചിന്താഗതികൾ ചെറുതല്ലാത്ത വിധം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പരപ്പനങ്ങാടി തഅലീമിലെ ഹൈ സ്കൂൾ പഠന കാലത്തേ, സിവിൽ സർവീസ് സ്വപ്നം കണ്ടു നടക്കുന്ന വിദ്യാർഥിയായിരുന്നു ഫള്ൽ. ജാമിഅ മദീനത്തുന്നൂറിൽ എത്തിയ ശേഷം ആ ആഗ്രഹത്തിന് ആവശ്യമായ വെള്ളവും വളവും ലഭിച്ചു. ചാലിയം മർഹൂം ബാവ ഹാജി സ്പോൺസർ ചെയ്ത മദീനത്തൂന്നൂർ സിവിൽ സർവീസ് കോച്ചിങ് സെന്റർ നൽകിയ ദിശാ നിർണയം ഫള്ലിന് വല്ലാതെ ഉപകരിച്ചിട്ടുണ്ട്. ഇടക്കിടെ ക്യാമ്പസിൽ നടക്കാറുള്ള കരിയർ ഗൈഡൻസ് ക്ലാസ്സുകളും അദ്ദേഹത്തെ പാകപ്പെടുത്തുന്നതിൽ പങ്കു വഹിച്ചവയാണ്. അതോടൊപ്പം, കവികളും കഥാകൃത്തുക്കളും മറ്റെഴുത്തുകാരും വിദ്യാഭ്യാസ വിചക്ഷണരും ചിന്തകരും മുതിർന്ന ഉസ്താദുമാരും ഒക്കെയായി ജാമിഅയിൽ ഇടക്കിടെ വരുന്ന മൂല്യമുള്ള അതിഥികളുമായി സംവദിക്കാൻ ലഭിക്കുന്ന അവസരങ്ങളും, വിദ്യാർഥികളുടെ ചിന്തയും ചിന്താഗതിയും വികസിക്കാൻ ഹേതുവാകുന്നുണ്ട് എന്നതും സത്യമാണ്.

ഫള്ലിന് ലഭിച്ച ക്യാമ്പസ് അന്തരീക്ഷവും കൂട്ടുകാരും അധ്യാപകരും വളരെ മികച്ചതായിരുന്നു. അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനും കൂടെ നിൽക്കാനും എല്ലാവരും ശ്രദ്ധിച്ചിരുന്നു. കാരണം, പഠിക്കുന്ന കാലത്ത് തന്നെ നോട് ബുക്കുകളിൽ ഫള്ൽ നൂറാനി ഐഎഎസ് എന്നും ഐഎഫ്എസ് എന്നുമൊക്കെ പേരെഴുതി വെക്കുന്ന നിശ്ചയ ദാർഢ്യമുള്ള ഒരു വിദ്യാർഥി ലക്ഷ്യം കാണാതിരുന്നു കൂടാ എന്ന ആഗ്രഹം എല്ലാവർക്കുമുണ്ടായിരുന്നു. ഞാൻ പലപ്പോഴും പരസ്യമായും സ്വകാര്യമായും അദ്ദേഹത്തെ സിവിൽ സർവന്റ് എന്ന് മുന്നേ വിളിക്കാറുണ്ടായിരുന്നു.

അവന് ആഗ്രഹവും ആത്മവിശ്വാസവും വർധിക്കണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. ആ സ്വപ്നം സാക്ഷാത്കരിച്ചത് അവന്റെ സമർപ്പണ ബോധം കൊണ്ടും ഗുരുത്വം കൊണ്ടും തന്നെയാണ്.

കിതാബുകളുടെ പരീക്ഷകളിലും ആദ്യ സ്ഥാനം തന്നെയായിരുന്നു ഫള്ലിന്റേത്. സിവിൽ സർവീസ് തയ്യാറെടുപ്പ് എന്ന ഭാരിച്ച പണിയുണ്ട് എന്ന് പറഞ്ഞ് കിതാബുകളുടെ വിഷയത്തിൽ ഒരു വിട്ടു വീഴ്ചക്കും ഫള്ൽ തയ്യാറായിരുന്നില്ല. പലപ്പോഴും സഹപാഠികൾ നോട്സ് എഴുതിയിരുന്നത് അദ്ദേഹത്തിന്റെ നോട്ട് നോക്കിയായിരുന്നു. ദർസുകളിൽ മറ്റുള്ളവർക്ക് പഠിപ്പിച്ച് കൊടുക്കാറുള്ളതും അദ്ദേഹമായിരുന്നു.

ക്യാമ്പസിലെ അവസാന വർഷം സിവിൽ സർവീസ് പ്രിപറേഷൻ തകൃതിയായി നടക്കുന്നതിനിടയിൽ, ജാമിഅയുടെ കലോത്സവമായ റെൻഡിവ്യൂ കടന്നു വന്നു. ഫള്ൽ പങ്കെടുക്കുന്നില്ല എന്ന് തന്നെ തീരുമാനിച്ചു. എന്നാൽ ടീം ലീഡേഴ്സിന്റെയും തന്റെ നന്മ ആഗ്രഹിക്കുന്ന കൂട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി ഫള്ൽ ആ വർഷം മത്സരങ്ങൾക്ക് പങ്കെടുക്കുകയും, ഏറ്റവും കൂടുതൽ വ്യക്തിഗത പോയിന്റ് നേടി ഇൻഡിവിജ്വൽ ചാമ്പ്യൻ വരെ ആവുകയും ചെയ്തു. ആ വിജയത്തിന് ശേഷം ഫള്ൽ നടത്തിയ പ്രസംഗം, ഏറെ പ്രചോദിപ്പിക്കുന്ന ഒന്നായിരുന്നുവെന്ന് കേട്ട് നിന്നവർ ഇന്നും ഓർക്കുന്നു: പഠനം മുടങ്ങുമെന്ന് കരുതി ഈ വർഷം മത്സരങ്ങൾക്ക് പങ്കെടുക്കേണ്ട എന്ന് കരുതിയതായിരുന്നു. പക്ഷെ, പങ്കെടുത്തില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനെ. ഈ റെൻഡിവ്യൂവിലൂടെ പുതിയ പല കഴിവുകളും അറിവുകളും നേടിയെന്നും ഇത്തരം സാഹിത്യ കലാ വ്യവഹാരങ്ങൾ വളർച്ചക്ക് അനിവാര്യമാണെന്നും അന്ന് ഫള്ൽ പറഞ്ഞത് ജൂനിയർ വിദ്യാർഥികൾ ഇന്നും ഓർക്കുകയാണ്. ഇങ്ങനെയൊക്കെയാണ് മനുഷ്യർ മറ്റുള്ളവരെ സർഗാത്മകമായി സ്വാധീനിക്കുന്നത്.

മൂന്ന് തവണയാണ് ഇന്റർവ്യൂ വരെ എത്തിയ ശേഷം ഫള്ൽ സിവിൽ സർവീസ് ടെസ്റ്റിൽ പരാജയപ്പെട്ടു പോയത്. പ്രായം 28 ആയി. കൂടെയുണ്ടായിരുന്ന ഓരോരുത്തരും കല്യാണം കഴിഞ്ഞ് കുടുംബമായി. പഠനം കഴിഞ്ഞ് ജോലി നേടി, പണം സമ്പാദിക്കാൻ തുടങ്ങി. നീ മാത്രം ഇങ്ങനെ നടക്കാത്ത സ്വപ്നത്തിന്റെ പേരും പറഞ്ഞ് ആയുസ്സ് കളഞ്ഞോ എന്ന കുത്ത്‌വാക്ക് അദ്ദേഹത്തിന് പല ഭാഗങ്ങളിൽ നിന്നും കേൾക്കേണ്ടി വന്നു. ഫള്ലിനെ നന്നായി മനസ്സിലാക്കിയവർ മാത്രം നീ ശ്രമം ഉപേക്ഷിക്കരുതെന്ന് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. ഓരോ ഇന്റർവ്യൂവിന് പോകുമ്പോഴും മർകസിൽ ചെന്ന് അദ്ദേഹം ഉസ്താദിനെ കാണും. ദുആ ചെയ്യിക്കും. ഉസ്താദദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും പ്രതീക്ഷയുടെ വാക്കുകൾ സമ്മാനിക്കുകയും ചെയ്യും. ഡൽഹിയിൽ പോകുമ്പോൾ അജ്മീറിൽ നിർബന്ധമായും പോവുകയും അവിടെ ചെന്ന് സങ്കടങ്ങൾ പറയുകയും ചെയ്യും. ഓരോ ആത്മീയ കൂടിക്കാഴ്ചകളും അദ്ദേഹത്തെ കൂടുതൽ ശക്തിത്തിപ്പെടുത്തുകയായിരുന്നു.

സമപ്രായക്കാർ പണം സമ്പാദിക്കുന്നതോ കല്യാണം കഴിക്കുന്നതോ കണ്ട് ഫള്ലിനെ അവന്റെ സ്വപ്നങ്ങളിൽ നിന്നും പിന്തിരിപ്പിക്കാതിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കളുടേത് കൂടെയാണ് ഈ വിജയം. ഫള്ലിന് പഠിക്കാൻ വരുന്ന ചെലവുകളും മറ്റും കണ്ടറിഞ്ഞ്, പണം ഇങ്ങോട്ട് കൊടുക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെ ഉപ്പാക്കുണ്ടായിരുന്നത്. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് ചെറിയ ആശകൾക്ക് വേണ്ടി വലിയ സ്വപ്നങ്ങളെ പണയം വെക്കുന്ന പുതിയ കാല മാതാപിതാക്കൾ ഇത്തരം രക്ഷിതാക്കളെ കണ്ടു പഠിക്കേണ്ടതുണ്ട്. എക്സാമിൽ പരാജയപ്പെടുകയും മനസ്സ് അലോസരപ്പെടുകയും ചെയ്യുന്ന സമയങ്ങളിൽ ജാമിഅയിലെ അദ്ദേഹത്തിന്റെ സഹപാഠികൾ അദ്ദേഹത്തെയും കൂട്ടി ചില യാത്രകൾ പോകാറുണ്ടായിരുന്നു. അത്തരം യാത്രകളിൽ കൂട്ടുകാർ നൽകുന്ന ഊർജം വളരെ വലുതായിരിക്കും.

അദ്ദേഹത്തിന്റെ വിജയം, അദ്ദേഹം മാത്രമല്ല, എല്ലാവരും ആഗ്രഹിച്ചിരുന്നു. സമയം കളയാതെ, കളി തമാശകളിൽ അമിതമായി ഇടപെടാതെ, സൗകര്യങ്ങളെയും സാധ്യതകളെയും പരമാവധി ഉപയോഗപ്പെടുത്തി പഠിക്കുന്ന ഒരു വിദ്യാർഥിക്ക് ആവശ്യമായതെല്ലാം നൽകാൻ ഈ സമൂഹം തയ്യാറാണ്. ആ സഹായങ്ങൾ അതർഹിക്കുന്ന വിദ്യാർഥികളിലേക്ക് എത്തിച്ച് കൊടുത്ത്, അവരുടെ സ്വപ്നങ്ങൾക്ക് ചിറക് പിടിപ്പിക്കുക എന്ന മഹത്തായ വിദ്യാഭ്യാസ പ്രവർത്തനമാണ് ജാമിഅ മദീനത്തുന്നൂർ നടത്തുന്നത്. ഫള്ൽ ഒരു പ്രകീർത്തിക്കപ്പെടേണ്ട വിജയവും, ആഘോഷിക്കപ്പെടാനിരിക്കുന്ന ഒരുപാട് വിജയങ്ങളുടെ തുടക്കവുമാണ്. ഇതിന്റെ തുടർച്ചയുടെ ചങ്ങലകളിൽ, എവിടെയെങ്കിലും, ഒരു ചെറുകണ്ണിയെങ്കിലുമായി, നമുക്കും സാന്നിധ്യമറിയിക്കാൻ സാധിക്കണം. ഇല്ലെങ്കിൽ, നഷ്ടം സമൂഹത്തിനല്ല, നമുക്ക് തന്നെയാണ്.

© 2024 Dr. MAH Azhari
⚡ziqx.cc