ഫിത്വ്‌ര്‍ സകാത്: അറിഞ്ഞിരിക്കേണ്ടതെല്ലാം
ശവ്വാൽ മാസപ്പിറവിയോടു കൂടെ വിശ്വാസികൾക്ക് നിർബന്ധമാകുന്ന സാമ്പത്തിക ബാധ്യതയാണ് ഫിത്വ്‌ര്‍ സകാത്. നിസ്കാരത്തിലെ ന്യൂനതകൾ സഹ്വിന്റെ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുന്നത് പോലെ, നോമ്പിന്റെ ന്യൂനതകൾ ഫിത്വ്‌ര്‍ സകാത് കൊണ്ട് പരിഹരിക്കപ്പെടുമെന്നാണ് തിരുനബി (സ്വ) യുടെ അധ്യാപനം. ഈ ശുദ്ധീകരണ പ്രക്രിയയോടൊപ്പം ഫിത്വ്‌ര്‍ സകാതിന്റെ മറ്റൊരു ലക്ഷ്യം കൂടെ ഇമാം ഇബ്‌നു ഹജർ (റ) വിശദീകരിക്കുന്നുണ്ട്. പെരുന്നാൾ പോലൊരു സന്തോഷ ദിനത്തിൽ, മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥ വരാതെ, ചുറ്റിലുമുള്ളവരെ കൂടി സ്വയം പര്യാപ്തമാക്കലാണത്. അതുകൊണ്ട് തന്നെ, ഒരേ സമയം ആന്തരികവും സാമൂഹികവുമായ ലക്ഷ്യങ്ങൾ ഫിത്വ്‌ര്‍ സകാതിനു പിന്നിലുണ്ട്.
ആർക്കാണ് നിർബന്ധമാകുന്നത്?
പെരുന്നാൾ ദിവസം തന്റെയും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവരുടെയും ഭക്ഷണം, വസ്ത്രം, അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകൻ, കടബാധിതനാണെങ്കിൽ കടം വീട്ടാനുള്ള സമ്പത്ത്, തുടങ്ങിയ ചെലവുകൾ കഴിച്ചതിനു ശേഷം സമ്പത്ത് മിച്ചം വരുന്ന ഏതൊരാൾക്കും ഫിത്വ്‌ര്‍ സകാത് നിർബന്ധമാണ്.
എന്താണ്/ എത്രയാണ് കൊടുക്കേണ്ടത്?
ഒരാളുടെ ഫിത്വ്‌ര്‍ സകാതായി നൽകേണ്ടത് ഒരു സ്വാഅ് ധാന്യമാണ്. അതായത് 4 മുദ്ദ് ധാന്യം. സ്വാഉം മുദ്ദുമെല്ലാം അളവ് പാത്രങ്ങളാണ്. ഈ പാത്രത്തോട് തുല്യമായ അളവിൽ ഓരോ നാട്ടിലും വ്യാപകമായി ഉപയോഗിക്കുന്ന മുഖ്യാഹാരമാണ് ഫിത്വ്‌ര്‍ സകാതായി നൽകേണ്ടത്. 3.200 ലിറ്ററാണ് ഒരു സ്വാഅ്. തൂക്കം കൃത്യമായി പറയാൻ സാധിക്കില്ല. ചുരുങ്ങിയത് 2.5 kg എങ്കിലും വരുമെന്ന് അനുമാനിക്കാം. തൂക്കമനുസരിച്ച് നൽകാൻ ഉദ്ദേശിക്കുന്നവർ 3.200 ലിറ്ററിൽ കുറയാതിരിക്കാൻ ശ്രദ്ധിക്കണം. ശാഫിഈ മദ്ഹബ് പ്രകാരം ഫിത്വ്‌ര്‍ സകാത് പണമായി നൽകാൻ പറ്റില്ല. ധാന്യം തന്നെ കൊടുക്കണം.
എപ്പോഴാണ് നിർബന്ധമാകുന്നത്?
ശവ്വാൽ മാസപ്പിറവി കണ്ട സമയം മുതലാണ് ഫിത്വ്‌ര്‍ സകാത് നിർബന്ധമാകുന്നത്. അന്നേ ദിവസം മഗ്‌രിബിന്റെ സമയമാകുമ്പോൾ ജീവനോടെയുള്ള മുഴുവൻ വ്യക്തികളുടെ പേരിലും ഫിത്വ്‌ര്‍ സകാത് നൽകണം.
എപ്പോൾ നൽകണം?
ശവ്വാൽ മാസപ്പിറവി കണ്ടത് മുതൽ ഫിത്വ്‌ര്‍ സകാത് നൽകൽ നിർബന്ധമാകും. സുബ്ഹി കഴിഞ്ഞു ചെറിയ പെരുന്നാൾ നിസ്കാരത്തിനു മുൻപായി കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം. ജനങ്ങൾ പെരുന്നാൾ നിസ്കാരത്തിന് പുറപ്പെടും മുൻപ് കൊടുക്കണമെന്ന് ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. എന്നാൽ, റമളാൻ ഒന്ന് മുതൽ തന്നെ മുൻകൂട്ടി നൽകലും അനുവദനീയമാണ്. പെരുന്നാൾ നിസ്‌കാരത്തിന് ശേഷമാകൽ കറാഹതുമാണ്. ബന്ധുവിനെയും അയൽവാസിയെയും പ്രതീക്ഷിക്കുന്ന കാരണത്താൽ നിസ്കാരത്തിനേക്കാൾ പിന്തിക്കുന്നതിൽ കറാഹതില്ല. പെരുന്നാൾ ദിവസത്തേക്കാൾ പിന്തിക്കൽ ഹറാമും, പിന്തിച്ചാൽ ഖളാഅ് വീട്ടൽ നിർബന്ധവുമാണ്.
എവിടെയാണ് നൽകേണ്ടത്?
ശാഫിഈ മദ്ഹബിലെ പ്രബലമായ വീക്ഷണ പ്രകാരം, ശവ്വാൽ മാസപ്പിറവി കാണുന്ന സമയത്ത് വ്യക്തി എവിടെയാണോ ഉള്ളത്, അവിടെയാണ് ഫിത്വ്‌ര്‍ സകാത് നൽകേണ്ടത്. പ്രവാസികൾ അവരുള്ളിടത്താണ് കൊടുക്കേണ്ടത്. പ്രസ്‌തുത സ്ഥലത്ത് സകാത് നൽകുന്നത് പ്രയാസമാണെങ്കിൽ ശാഫിഈ മദ്ഹബിൽ തന്നെ രണ്ടാം അഭിപ്രായമനുസരിച്ച് മറ്റു നാടുകളിൽ നൽകാൻ വേണ്ടി വക്കാലത്ത് ഏൽപ്പിക്കാവുന്നതാണ്. സകാത് നേരിട്ട് നൽകുന്നത് തന്നെയാണ് വക്കാലത്ത് ഏല്പിക്കുന്നതിനേക്കാൾ ഉത്തമം.
നിബന്ധനകൾ
ഫിത്വ്‌ര്‍ സകാതിന് രണ്ടു നിബന്ധനകളാണുള്ളത്. ഒന്ന് നിയ്യത്. ‘ഇത് എന്റെ ഫിത്വ്‌ര്‍ സകാതാകുന്നു/നിർബന്ധമായ സകാതാകുന്നു തുടങ്ങിയ നിയ്യതുകൾ സ്വീകാര്യമാണ്. സകാത് അവകാശികൾക്ക് വിതരണം ചെയ്യുന്ന സമയത്തോ, സകാത് വിഹിതം മാറ്റി വെക്കുന്ന സമയത്തോ മാറ്റി വെച്ചതിനു ശേഷം അവകാശികൾക്ക് നൽകുന്നതിന് മുൻപായോ നിയ്യത് കരുതാവുന്നതാണ്. വക്കാലത്ത് ഏൽപ്പിക്കുന്നവർ ഏല്പിക്കുന്ന സമയത് നിയ്യത് ചെയ്താൽ മതിയാകുന്നതാണ്. അവകാശികൾക്ക് നൽകുക എന്നതാണ് രണ്ടാമത്തെ നിബന്ധന. വിശുദ്ധ ഖുർആൻ പരാമർശിച്ച എട്ടു വിഭാഗക്കാരാണ് സകാതിന്റെ അവകാശികൾ. അവർക്ക് നൽകൽ കൊണ്ടല്ലാതെ സകാത് വീടുകയില്ല.