ഉപചാരപൂർവം ഉസ്ബെക്

Dr. MAH Azhari

ഉസ്ബെക് ഡയറീസ് 1

താഷ്കന്ദിലെ മഫാസ ഹോട്ടലിലായിരുന്നു താമസം. തൊട്ടടുത്തുള്ള റക്അത് മസ്ജിദിൽ വെച്ച് സുബ്ഹി നിസ്കരിച്ചു. ഒരു സമീപ കാല അതിമനോഹര നിർമ്മിതിയാണ് റക്അത് മസ്ജിദ്. 3:57 നായിരുന്നു സുബ്ഹി ബാങ്ക്. മൂന്ന് സ്വഫ്ഫ് ആളുണ്ടായിരുന്നു. നിസ്കാര ശേഷം ഇമാം ദിക്ർ ചൊല്ലി ദുആ ചെയ്തു. അല്പം കൂടെ ദിക്ർ ചൊല്ലിയ ശേഷം, എന്റെ വലതു ഭാഗത്തിരുന്നിരുന്ന ഒരു പ്രായം ചെന്ന വ്യക്തിക്ക് മൈക്ക് കൈമാറി. വേഷത്തിലും പെരുമാറ്റത്തിലും അദ്ദേഹം ഒരു പണ്ഡിതനാണെന്ന് തോന്നിച്ചു. അദ്ദേഹവും ദുആ ചെയ്തു. ശേഷം ദുആ ചെയ്യാൻ വേണ്ടി തന്നെ, എന്റെ അടുത്തുണ്ടായിരുന്ന മറ്റൊരു വ്യക്തിക്ക് കൂടി മൈക്ക് നൽകി. അറബിയോ എനിക്കറിയുന്ന മറ്റേതെങ്കിലും ഭാഷയോ അറിയുന്ന ആരും അവിടെ ഉണ്ടായിരുന്നുകൊള്ളണമെന്നില്ല. എങ്കിലും ഞാനെണീറ്റു നിന്ന് അറബിയിൽ ഒരഞ്ചു മിനിറ്റ് സംസാരിക്കുകയും ദുആ ചെയ്യുകയും ചെയ്തു.

കൂടെയുള്ള സംഘത്തെ ഇരുത്തി, എല്ലാവർക്കും ശമാഇലിന്റെ കിതാബ് വിതരണം ചെയ്യുകയും, ആരംഭ റസൂൽ (സ്വ) തങ്ങളെ കുറിച്ച് അല്പം ചർച്ച ചെയ്യുകയും ചെയ്തു. ഒരു ദിവസത്തിന്റെ സമാരംഭം ഭംഗിയാക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിൽ എല്ലാവരും പുറത്തിറങ്ങി. കുറച്ച് സഞ്ചരിച്ചു. യൂണിവേഴ്സിറ്റി ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ പാർക്കുകളിലൂടെയും മറ്റും 40 മിനിറ്റ് ജോഗിങ് നടത്തി. സ്ഥിരമായ ഒരു ശീലം, സൗകര്യമുണ്ടെങ്കിൽ, യാത്രയിലായതിന്റെ പേരിൽ നഷ്ട്ടപ്പെടുത്താതിരിക്കുന്നത് നല്ലതാണ്. ഡോ. ഫയാസും മജീദ് പുത്തൂരും അബൂബക്കർ എഞ്ചിനിയറുമെല്ലാം സംഘത്തിലുണ്ടായിരുന്നു.

ദേശ് മലയിലെ മഞ്ഞ് മലകൾ കാണാൻ കൂടെയുള്ളവർ പോയപ്പോൾ, റിയൽ എസ്റ്റേറ്റുകാരനായ എന്റെ സുഹൃത്ത് സുൽത്താൻ സഞ്ചറിന്റെ കൂടെ ഞാൻ അമീർ തിമൂർ മ്യൂസിയവും തിമൂർ സ്ക്വയറും സന്ദർശിച്ചു. അമ്പെയ്ത്ത് പരിശീലിപ്പിക്കുന്ന ഒരാളെ അവിടെ വെച്ച് പരിചയപ്പെട്ടു. കുറച്ച് അമ്പുകളെയ്തു. കൂടെ നിന്നിരുന്ന ചിലർ സഅദ് ബ്നു അബീ വഖാസിന്റെ ചരിത്രം ഓർമ്മപ്പെടുത്തി. അമ്പെയ്തു കഴിഞ്ഞ് കൂലി കൊടുത്തപ്പോൾ അയാൾ വാങ്ങിയില്ല. നിങ്ങളൊരു മത പണ്ഡിതനാണെന്ന് തോന്നുന്നു എന്നും, ദുആ ചെയ്‌താൽ മതിയെന്നും പറഞ്ഞു. പരസ്പരം ദുആ ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ഇവിടെ സജീവമാണ്. കൂടിക്കാഴ്ചകളും പിരിയലും പരസ്പര ദുആ കൊണ്ടായിരിക്കും മിക്കവാറും. ദീനിന്റെ പേരിലുള്ള സ്നേഹവും ബഹുമാനവും അവർ മടി കൂടാതെ പ്രകടിപ്പിക്കുകയും ചെയ്യും. തിരിച്ച് പോരുമ്പോൾ, അമ്പെയ്ത്തുകാരൻ വീണ്ടും ഞങ്ങളെ വിളിച്ച്, അയാളുടെ മുതലാളി ഞങ്ങളെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു. അദ്ദേഹം ഇസ്ലാമിക് സ്റ്റഡീസിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണെന്ന് അറിയാൻ സാധിച്ചു. താഷ്കന്ദ് അക്കാദമിയിൽ അഖീദയിൽ റിസർച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഒരു പണ്ഡിതനായിരുന്നു അദ്ദേഹം.



ശേഷം, മറ്റൊരു മസ്ജിദിൽ നിസ്കാരത്തിനായി ചെന്നു. മസ്ജിദുകൾക്ക് മുൻപിൽ അത്തറും തൊപ്പിയും ദിക്ർ മുട്ടിയും തസ്ബീഹ് മാലകളും കച്ചവടം ചെയ്യുന്നവരെ കാണാം. ജനങ്ങളുടെ ശീലങ്ങളെ ആ കച്ചവടങ്ങളിൽ നിന്നും വായിച്ചെടുക്കാം. ആളുകൾക്ക് ആവശ്യമുള്ള സാധനങ്ങളാണല്ലോ കച്ചവടം ചെയ്യുന്നുണ്ടാവുക. മറ്റൊരു പ്രധാന കാര്യം, മസ്ജിദുകൾക്ക് മുൻപിലിരുന്ന് യാചിക്കുന്നതിനു പകരം, കഴിയും വിധം എന്തെങ്കിലും കച്ചവടം ചെയ്ത് സമ്പാദിക്കാനാണ് ഇവിടെയുള്ളവർ ശ്രമിക്കുന്നത്. പ്രശംസനീയമായ ഒരു കാര്യമാണത്. യാചനയെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ചുറ്റുമുള്ളവർ കണ്ടറിഞ്ഞ് സഹായിക്കുകയാണ് വേണ്ടത്.

മസ്ജിദ് ചെറുതായിരുന്നെങ്കിലും, റോട്ടിൽ നിന്നും മസ്ജിദ് കോംപ്ലെക്സിലേക്ക് പ്രവേശിക്കുന്നിടത്തുള്ള സുന്ദരമായ ഗേറ്റും ചിട്ടയുള്ള ഉദ്യാനവും മനസ്സിന് സന്തോഷവും ശാന്തിയും പകരുന്നതായിരുന്നു. നിസ്കരിക്കാൻ വരുന്ന വിശ്വാസികൾക്ക് തിരക്കുകൾ മാറ്റി വെച്ച് മനസ്സമാധാനത്തോടെ അല്പ സമയം ഇരിക്കാനും വിശ്രമിക്കാനുമൊക്കെ സൗകര്യങ്ങൾ നമ്മുടെ മസ്‌ജിദുകളിലും ഉണ്ടാകണം. മാനസിക ആരോഗ്യം ആരാധനകളെ പോസിറ്റീവായി ബാധിക്കുമെന്നതിൽ സംശയമില്ലല്ലോ.

അവിടെ ടോയ്‌ലറ്റ് കോംപ്ലക്സിൽ ശ്രദ്ധിച്ച ചില കാര്യങ്ങൾ പറയാതെ വയ്യ. പൈപ്പുകൾ മിതമായി മാത്രം തുറന്നാണ് അവർ വുളൂഅ് ചെയ്യുന്നത്. വെള്ളം ഒട്ടും പാഴാക്കാത്ത സ്വഭാവം. ടോയ്‌ലറ്റുകളിൽ പാലിക്കേണ്ട മര്യാദകൾ ചുമരിൽ എഴുതി ഒട്ടിച്ചിട്ടുമുണ്ടായിരുന്നു. ഓർമ്മപ്പെടുത്തലുകൾ എപ്പോഴും നല്ലതാണ്. ഇന്ത്യൻ ഗ്രാൻഡ് മസ്ജിദ്, ജാമിഉൽ ഫുതൂഹിലും അക്കാര്യം നമ്മൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സുന്നത്തുകൾ നഷ്ടപ്പെടാതിരിക്കാൻ അതുപകരിക്കും. ശുചിത്വമെന്നാൽ മറ്റുള്ളവരെ പരിഗണിക്കൽ കൂടെയാണെന്ന മനോഹരമായ ആശയം, രസകരവും ചിന്തിപ്പിക്കുന്നതുമായ ഒരു വാചകത്തിലൂടെ ഉസ്ബെക് ഭാഷയിൽ എഴുതി വെച്ചത് ഗൂഗിൾ ട്രാൻസ്ലേറ്റർ വഴി വായിച്ചപ്പോൾ കൗതുകം തോന്നി, “നിങ്ങൾക്കു ശേഷം വരാനിരിക്കുന്നവർക്ക് ദയവായി ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കുക.” സംസ്കാരം ഏറ്റവും സ്വകാര്യമായ ഇടങ്ങളിൽ നിന്നും തുടങ്ങണം. മസ്ജിദുകൾ അഭികാമ്യ സംസ്കാരങ്ങളുടെ നിർമ്മാണ ശാലകളായി വർത്തിക്കുകയും വേണം.



© 2024 Dr. MAH Azhari
⚡ziqx.cc