ഉൾഹിയ്യത്തിന്റെ രീതിശാസ്ത്രം

Dr. MAH Azhari
ദുൽഹിജ്ജ പത്തിനാണ് ബലിപെരുന്നാൾ. ഒന്ന് മുതൽ ഒമ്പത് വരെയുള്ള പ്രത്യേക സുന്നത്ത് നോമ്പിനും, മറ്റ് ആരാധനാ കർമങ്ങൾക്കും, പവിത്രമായ അറഫാ നോമ്പിനും ശേഷം ബലിപെരുന്നാൾ രാവ് നമ്മിലേക്ക് കടന്നു വരുന്നു. തക്ബീറുകൾ ചെല്ലി, സുന്നത്തുകളധികരിപ്പിച്ച് സജീവമാക്കേണ്ട പ്രസ്തുത രാവുണർന്നാൽ പിന്നെ പെരുന്നാൾ സുദിനമായി. രാവിലെ ബലിപെരുന്നാൾ നിസ്കാരവും രണ്ട് ഖുതുബയും കഴിഞ്ഞാൽ, പേരിനെ അന്വർത്ഥമാക്കും വിധം പിന്നീടുള്ള പ്രധാന കർമം ഉൾഹിയ്യത്താണ്. വ്യക്തിപരമായും സംഘടിതമായും നടന്നു വരുന്ന ഉൾഹിയ്യത്ത് അതിമഹത്തായ സുന്നത്ത് പ്രവർത്തനമാണ്. ഇബ്റാഹിം നബി (അ) ന്റെ ത്യാഗ സമ്പൂർണ സമർപ്പണത്തിന്റെ ഓർമകൾ ഒരു മുസ്ലിമിന്റെ വിശ്വാസത്തിന് കരുത്ത് പകരുമെന്നതിൽ സംശയമില്ല.

വിധിയും വിതരണവും

പെരുന്നാൾ ദിവസം തന്റെയും താൻ ചിലവ് കൊടുക്കൽ നിർബന്ധമായവരുടെയും ആവശ്യം കഴിഞ്ഞ് ബാക്കി വരുന്നതിൽ നിന്നും സാധിക്കുന്നവർക്കെല്ലാം പ്രസ്തുത കർമം ശക്തിയായ സുന്നത്താണ്. ഒഴിവാക്കൽ കറാഹത്തുമാണ്. നേർച്ചയാക്കിയാൽ നിർബന്ധമാവുകയും, ഉൾഹിയ്യത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വരികയും ചെയ്യും.

സുന്നത്തായ ഉൾഹിയ്യത്തും നേർച്ചയും തമ്മിലുള്ള പ്രധാന വ്യത്യാസം, നേർച്ചയാണെങ്കിൽ, നടത്തിയ വ്യക്തിക്കോ അവൻ ചിലവ് കൊടുക്കൽ നിർബന്ധമായവർക്കോ മാംസത്തിൽ നിന്നും ഒന്നും എടുക്കാൻ പറ്റില്ല എന്നതാണ്. സുന്നത്തായ ഉൾഹിയ്യത്തിൽ അങ്ങനെ മാംസം എടുക്കുന്നത് കൊണ്ട് കുഴപ്പമില്ല. കൂടാതെ, നേർച്ച ചെയ്ത ഉൾഹിയ്യതിന്റെ മാംസം സമ്പന്നർക്കോ അഹ്‌ലു ബൈതിനോ കൊടുക്കാൻ പാടില്ല. ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് സ്ഥലം മാറ്റാനും അനുവാദമില്ല. അന്നാട്ടിലെ ഫഖീർ, മിസ്കീനുമാർക്ക് തന്നെ മുഴുവൻ മാംസവും സ്വദഖയായി നൽകണമെന്ന് ചുരുക്കം. അന്യ സംസ്ഥാനങ്ങളിലും മറ്റും നടത്തപ്പെടുന്ന ഉൾഹിയ്യത്തിന്റെ മാംസം അടിസ്ഥാനപരമായി ദാനം ചെയ്യേണ്ടത് അവിടെ തന്നെയാണ്.

ലഭിച്ച വ്യക്തി നമുക്ക് തന്നെ തിരിച്ചു നൽകുന്ന പക്ഷം അത് ഭക്ഷിക്കുന്നതിൽ കുഴപ്പമില്ല (ഒഴിവാക്കുന്നതാണ് നല്ലത്). അവർക്ക് മറ്റൊരു നാട്ടിലേക്കു കൊടുത്തയക്കാവുന്നതുമാണ്. ലഭിക്കലോടു കൂടെ ഇറച്ചി അവരുടെ ഉടമാവകാശമായി മാറുന്നുണ്ട് എന്നതാണ് കാരണം.

ഒരു ആരാധനാ കർമമായതു കൊണ്ടും, വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ടും ഉൾഹിയ്യത്ത് ഇറച്ചി മുസ്ലിമല്ലാത്തവർക്ക് നൽകാൻ പാടില്ല. പാചകം ചെയ്തതിനു ശേഷമാണെങ്കിലും അങ്ങനെത്തന്നെ. അതേസമയം, മറ്റു ഭക്ഷണമോ സഹായങ്ങളോ അവർക്കു നൽകാം എന്നു മാത്രമല്ല, നൽകണം എന്ന് പ്രോത്സാഹിപ്പിക്കുക കൂടി ചെയ്ത മതമാണ് ഇസ്ലാം.

നിയ്യത്ത്

ഉൾഹിയ്യത്തിന് നിയ്യത്ത് നിർബന്ധമാണ്. അറവിന് മുൻപോ അറവിന്റെ സമയത്തോ ആണ് നിയ്യത്ത് കരുതേണ്ടത്. അറവിന്റെ സമയം കൊണ്ടുള്ള ഉദ്ദേശ്യം, മൃഗത്തെ വേർതിരിച്ചു നിർത്തുന്ന സമയമാണ്. ‘ഈ മൃഗത്തെ സുന്നത്തായ ഉൾഹിയ്യത്ത് നടത്താൻ ഞാൻ കരുതി’ എന്ന നിയ്യത്ത് മതിയാകും. നിയ്യത്ത് ചെയ്യാൻ മറ്റൊരാളെ ഏൽപ്പിക്കാവുന്നതുമാണ്. അറവ് നടത്തുന്ന വ്യക്തിയെയായാലും മതി. ഏൽപ്പിക്കപ്പെടുന്ന ആൾക്കും അറവിനു മുൻപ് തന്നെ കരുതലാണ് നല്ലത്. മറന്നു പോകാതിരിക്കാൻ അതാണ് ഉത്തമം.

സമയം

ബലിപെരുന്നാൾ ദിവസം സൂര്യോദയം കഴിഞ്ഞ് ചുരുങ്ങിയ രൂപത്തിൽ രണ്ട് റക്അത്ത് നിസ്കാരവും രണ്ട് ഖുതുബയും നിർവഹിക്കാനുള്ള സമയം കഴിഞ്ഞത് മുതൽ ആയ്യാമുത്തശ്രീഖിന്റെ അവസാനം വരെയാണ് ഉൾഹിയ്യത്തിന്റെ സമയം. അതിന് മുമ്പോ ശേഷമോ നടത്തുന്ന അറവ് ഉൾഹിയ്യത്തിന്റെ വകുപ്പിൽ പരിഗണനീയമല്ല.

മൃഗം

ആട്, മാട്, ഒട്ടകം എന്നിവയാണ് ഉൾഹിയ്യത്തിന് മതിയാകുന്ന മൃഗങ്ങൾ. ളഅന്, മഅസ് എന്നിങ്ങനെ രണ്ടിനം ആടുകളുണ്ട്. ഒന്നാമത്തെ ഇനത്തിന് ഒരു വയസ്സും രണ്ടാമത്തെ ഇനത്തിന് രണ്ട് വയസ്സും പൂർത്തിയാകണം. കേരളത്തിൽ പൊതുവെ കാണപ്പെടുന്നത് രണ്ടാം ഇനമാണ്. മാട്, ഒട്ടകം എന്നിവയാണെങ്കിലും രണ്ട് വയസ്സ് തികയൽ നിബന്ധനയാണ്. മാംസത്തിന്റെ അളവിൽ കുറവ് വരുത്തുന്ന ന്യൂനതകൾ പ്രസ്തുത മൃഗങ്ങൾക്കുണ്ടാകാൻ പാടില്ല. ആവശ്യക്കാർ താൽപര്യപ്പെടാത്ത വിധം മെലിഞ്ഞതാവുക, വാല്, ചെവി, അകിട് എന്നിവ മുറിയുക, മാംസം കുറയാൻ കാരണമാകുന്ന വ്യക്തമായ രോഗം, മുടന്ത്, ഗർഭം എന്നിവയെല്ലാം അറവിനെ സംബന്ധിച്ചിടത്തോളം ന്യൂനതകളാണ്.

നിബന്ധനകളൊത്ത ഒരു ആടിനേയോ, മാട്, ഒട്ടകങ്ങളിൽ നിന്ന് ഒരു പൂർണ മൃഗത്തേയോ, ഏഴിലൊന്ന് ഓഹരിയായോ ഉൾഹിയ്യത്ത് നിർവഹിക്കാവുന്നതാണ്. ഏഴിൽ ഓരോ ഓഹരിയും അഖീഖ, ഫിദ്യ, സാധാരണ ഇറച്ചി ഉപയോഗങ്ങൾ എന്നിങ്ങനെ വിവിധ ഉദ്ദേശ്യങ്ങൾക്ക് നീക്കി വെക്കലും പ്രശ്നമുള്ള കാര്യമല്ല.

© 2024 Dr. MAH Azhari
⚡ziqx.cc