സ്വാദിഷ്ഠ സത്കാരങ്ങൾ
Dr. MAH Azhari
ഉസ്ബെക് ഡയറീസ് 05
The Final Episodeസെറാമിക്, ടൈൽ, ക്ലേ, സിൽക്ക് ഇൻഡസ്ട്രികൾ ധാരാളമുള്ള പ്രദേശങ്ങളാണ് അന്തിജാനും മർഗലാനും കോകന്ദുമെല്ലാം. മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ് പലതും. ഓരോ വീടിനു മുന്നിലും മുന്തിരി വള്ളികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ബാബർ ചക്രവർത്തി ഇബാദത്തിന് ഉപയോഗിച്ചിരുന്ന സ്ഥലവും, നിലവിൽ അവിടെയുള്ള വലിയ പള്ളിയും സന്ദർശിച്ച്, രാവിലെ ആറ് മണിയോടെ താഷ്കന്ദിലേക്ക് പുറപ്പെട്ടു. മഞ്ഞു മലകളും ചുരങ്ങളും നിറഞ്ഞ പ്രദേശത്തിലൂടെ, സുരക്ഷ മാനിച്ച്, ബസ്സുകൾ കടത്തി വിടുന്നുണ്ടായിരുന്നില്ല. മൂന്നാളുകൾക്ക് ഒരു കാർ എന്ന തോതിലായിരുന്നു തുടർന്നുള്ള യാത്ര. 10:45 ആയപ്പോഴേക്കും താഷ്കന്ദിൽ എത്തിയിരുന്നു.
മുഫ്തി മുഹമ്മദ് സ്വാദിഖ് മുഹമ്മദ് യുസുഫ് അവറുകളുടെ പേരിൽ ഇസ്ലാമിക് അഫയർസ് ഡിപ്പാർട്മെന്റ് നിർമ്മിച്ച വലിയ മസ്ജിദ് കണ്ടു. തുർക്കിയിൽ വെച്ചാണ് മുഫ്തി അവറുകളെ ഞാൻ ആദ്യമായി കാണുന്നത്. തുടർന്ന് ചെച്നിയയിൽ വെച്ചും, മറ്റ് പല സമ്മേളനങ്ങളിൽ വെച്ചും, ഗാംഭീര്യമുള്ള മുഖവും എടുപ്പുള്ള ശരീരവും പലതവണ കണ്ടിരുണ്ടെങ്കിലും, അടുത്ത് ചെല്ലാൻ തന്നെ പേടിയായിരുന്നു. പതിയെയാണ് സംസാരിച്ച് തുടങ്ങിയത്. പിന്നീട് ബന്ധമാവുകയും, അദ്ദേഹം ഇന്ത്യയിൽ വന്ന് നമ്മുടെ സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഉസ്‌ബെക്കിലേക്കുള്ള നമ്മുടെ വഴികൾ കൂടുതൽ എളുപ്പമായത് അതിനു ശേഷമാണ്.
താഷ്കന്ദിൽ ഒരു വലിയ മസ്ജിദ് അദ്ദേത്തിന്റെ ചിരകാല അഭിലാഷമായിരുന്നെങ്കിലും, അത് സാധ്യമാകുന്നതിനു മുന്നേ അദ്ദേഹം വഫാതാവുകയായിരുന്നു. മതകാര്യ വിഭാഗം ഏറ്റെടുത്ത് ആ ആഗ്രഹം സാധ്യമാക്കി. 5000 പേർക്ക് ഒരുമിച്ച് നിസ്കരിക്കാവുന്ന വലിയ മസ്ജിദ്, വിശാലമായ ലൈബ്രറി, ഇമാമുമാർക്കും നാഇബീങ്ങൾക്കും പ്രത്യേക ഓഫീസുകൾ, ഖുർആൻ പഠന മുറികൾ, അതിഥികൾക്കാവശ്യമായ ഡൈനിങ്ങ് ഹാളുകൾ, അടുക്കളകൾ. എല്ലാ സൗകര്യങ്ങളുമുള്ള ഒരു മസ്ജിദ് സമുച്ചയം തന്നെയാണ് നിലവിൽ അവിടെ കാണാൻ സാധിക്കുന്നത്.
അദ്ദേഹത്തിന്റെ മകനും ശിഷ്യനുമായ ശൈഖ് ഇസ്മാഈലാണ് മസ്ജിദിലെ മുഖ്യ ഇമാം. നാഇബായിരുന്നു അന്ന് ഖുതുബ ഓതിയിരുന്നത്. മാതാപിതാക്കളോടുള്ള ആദരവിനെ അധികരിച്ച് ഉസ്ബെക് ഭാഷയിൽ നല്ലൊരു പ്രഭാഷണവും അദ്ദേഹം നിർവഹിച്ചു. പതിഞ്ഞ സ്വരത്തിലും ശാന്തമായ ശൈലിയിലുമുള്ള അവതരണം, ഭാവപ്രകടനങ്ങൾ കൊണ്ട് തന്നെ ഹൃദയസ്പൃക്കായിരുന്നു. നിസ്കാര ശേഷം ഒരു കൊച്ചു ദുആ, നാല് റക്അത് സുന്നത്ത് നിസ്കാരം, ദീർഘ നേര ദിക്റുകൾ, ഖുർആൻ പാരായണവും ഉസ്ബെക് ഭാഷയിലുള്ള ദുആയും, വീണ്ടും സ്വല്പം ഖുർആൻ പാരായണം, ഒടുവിൽ, അറബി ഭാഷയിൽ ദുആ ചെയ്ത് കൊണ്ടുള്ള സമാപനം. ഇത്രയുമാണ് ജുമുഅക്ക് ശേഷമുള്ള മജ്‌ലിസ്. ആറ് ജനാസകളുടെ പേരിൽ നിസ്കരിക്കാനുണ്ടായിരുന്നു. ജനാസയുടെ ബന്ധുക്കൾ, ഒരടയാളമെന്നോണം, അരയിൽ പ്രത്യേകമായ ഒരു തട്ടം കൊണ്ട് വരിഞ്ഞു കെട്ടിയിട്ടുണ്ടായിരുന്നു. തഅ്സിയ്യതും മറ്റും ഓർമ്മിപ്പിക്കാനായിരിക്കണം അങ്ങനെ ചെയ്യുന്നത്.
അതിരാവിലെ പുറപ്പെട്ടത് കാരണം, ഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നില്ല. നാഇബ് ഇമാം, ഭക്ഷണം സജ്ജീകരിക്കാമെന്ന് പറയുകയും എന്താണ് വേണ്ടതെന്ന് ചോദിക്കുകയും ചെയ്തു. എന്താണുള്ളതെന്ന് തിരക്കിയപ്പോൾ സമൂസ എന്ന് പറഞ്ഞു. സമൂസ, നാട്ടിലെ പോലെ, സ്നാക്സ് ഗണത്തിൽ പെട്ടതല്ല. ത്രികോണാകൃതിയിലുമല്ല. ഇവർക്ക് സമൂസ നാഷണൽ ഫുഡിൽ പെട്ടതാണ്. നാഷണൽ ഫുഡ്സ് എന്ന പേരിൽ ഹോട്ടലുകൾ പലയിടങ്ങളിലും കാണാം. പിലാവോ, സമൂസ, മെൻതൂ, മസ്തവാ സൂപ് തുടങ്ങി വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങൾ അവിടെയെല്ലാം ലഭ്യമാണ്.
ഉള്ളിൽ ഇറച്ചി നിറച്ചതിനാണ് സമൂസ എന്ന് പറയുന്നത്. ബീഫാണോ മട്ടനാണോ എന്ന് കൂട്ടത്തിലൊരാൾ ചോദിച്ചു. അങ്ങനെ ചോദിക്കേണ്ടതില്ല. ഉള്ളിൽ ബീഫാണെങ്കിൽ രണ്ട് മൂലയും കൂർത്തും, മട്ടനാണെങ്കിൽ ചതുരാകൃതിയിലുമാണ് അവിടെ സമൂസയുണ്ടാക്കുക. സമൂസയിൽ എല്ലു കഷ്ണങ്ങളുമുണ്ടാകും. അത് ഓരോന്നിലും ബോധപൂർവ്വം തന്നെ ചേർക്കുന്നതാണെന്ന് ഷെഫ് ജൗലാൻ പറഞ്ഞു തരികയും ചെയ്തു.
ഉസ്ബെക്കിലെ ഏറ്റവും പ്രധാനപ്പെട്ട ഫ്രൂട്ട് ഉരുണ്ട തണ്ണിമത്തനാണ്. അത് പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന സുഗന്ധം പോലും ആസ്വാദ്യമാണ്. സീസൺ അല്ലാത്തതുകൊണ്ട്, യാത്രയിൽ ഒരു കഷ്ണം പോലും തണ്ണിമത്തൻ ലഭിച്ചിട്ടുണ്ടായിരുന്നില്ല. കടലയും ഉണക്ക മുന്തിരിയും ആക്രോട്ടുമടക്കം ഡ്രൈ ഫ്രൂട്സും, സീസണായിരുന്നത് കൊണ്ട് സ്ട്രോബറിയും കിട്ടാനുണ്ടായിരുന്നു.
തേൻ കൊണ്ടു തന്നപ്പോൾ, പുറത്തേക്ക് ഒലിക്കില്ലേ എന്ന് ഒരു സുഹൃത്ത് ആശങ്കപ്പെട്ടു. ഒറിജിനൽ തേൻ ഒലിക്കില്ല, കട്ട പിടിക്കുകയാണ് ചെയ്യുകയെന്നും, കിർഗിസ്ഥാനിലെ മലകളിൽ നിന്നും കൊണ്ട് വന്ന ഒറിജിനൽ തേനാണതെന്നും കൂട്ടുകാരൻ സുൽത്താൻ സഞ്ചർ മറുപടി പറഞ്ഞു. ഫ്രിഡ്ജിൽ വെച്ചാണോ കട്ടയാക്കുന്നത് എന്നന്വേഷിച്ചപ്പോൾ, തേൻ കേട് വരികയോ, ഫ്രിഡ്ജിൽ വെക്കേണ്ടതോ ഇല്ല എന്നാണ് മറുപടി ലഭിച്ചത്. മുൻപൊരിക്കൽ, ഒരു അറബി സുഹൃത്ത്, നോളേജ് സിറ്റിയുടെ മസ്രയിലെ അപികൾച്ചറിൽ നിന്നും ഒരു കുപ്പി തേൻ വാങ്ങുകയും, കട്ട പിടിക്കുകയും ചെയ്ത സംഭവം ഓർമ്മ വന്നു.
മായമില്ലാത്ത തേനാണ് കട്ടപിടിക്കുകയെന്ന് അന്ന് പലരും പറഞ്ഞു തന്നിരുന്നത്, ഇന്ന് വീണ്ടും ബോധ്യപ്പെട്ടു. യാതൊരു വിധ മായവും ചേർക്കാതെയാണ് മസ്രയിൽ നമ്മൾ തേൻകൃഷി ചെയ്യുന്നത്.
ബാബറിന്റെ ജന്മനാടായ ദിവാനാപൂരിലെ മസ്ജിദ് ബാശിനു മുന്നിലെ മോരു കച്ചവടക്കാരനിൽ നിന്നും അല്പം മോരും വാങ്ങിക്കുടിച്ചു. മോരിന് അയറാൻ എന്നാണ് പറയുക. തുർക്കിയിലും മറ്റു പല രാജ്യങ്ങളിലും അയറാൻ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. സമർഖന്ത് ഭാഗങ്ങളിൽ ഛലബ് എന്നും പറയപ്പെടുന്നുണ്ട്. സംസം ചേർത്താണ് മോരു വിൽക്കുന്നത്. മോരു കോരുന്ന പാത്രം ഉണങ്ങിയ ചെരങ്ങാതൊണ്ട് കൊണ്ടുണ്ടാക്കിയതുമാണ്. പാനീയങ്ങളിൽ സംസം ചേർത്തു കുടിക്കുന്ന ശൈലിയുണ്ടിവിടെ. മിനറൽ വാട്ടറുകളിൽ പോലും സംസം ചേർക്കുകയും, ബോട്ടിലിനു പുറത്ത് അതെഴുതി വെക്കുകയും ചെയ്യുന്ന കമ്പനികൾ പോലുമുണ്ട് ഉസ്ബെക്കിൽ. സംസം ചേർത്ത വെള്ളം, ചേർക്കാത്ത വെള്ളത്തേക്കാൾ ഗുണനിലവാരം പുലർത്തുന്നത് അവരുടെ അനുഭവ ജ്ഞാനമാണെന്ന് സുൽത്താൻ സഞ്ചർ അഭിപ്രായപ്പെടുകയും ചെയ്തു.
സഞ്ചർ ഞങ്ങളെ എയർപോർട്ടിൽ കൊണ്ടാക്കി തന്നു. മംഗലാപുരം ബഷീർ ഹാജിയും മജീദ് പുത്തൂരും കൂടെയുണ്ടായിരുന്നു. മംഗലാപുരത്ത് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു പ്രോഗ്രാമുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ നേരത്തെ തിരിച്ചത്. സംഘത്തിലെ ബാക്കിയുള്ളവർ പിറ്റേന്ന് മാത്രമേ വരുന്നുണ്ടായിരുന്നൊള്ളൂ. ദുബായ് വഴി ഹൈദരാബാദിലൂടെ, 16 മണിക്കൂർ നീണ്ടുനിൽക്കുന്ന ദീർഘ യാത്ര. അവിടെ നിന്നും നാട്ടിലേക്കെത്തുമ്പോൾ ദിവസം രണ്ട് കഴിഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ, യാത്രകളിലെ മനോഹരമായ ഒരേടു കൂടി അവസാനിച്ചു. പക്ഷേ, അനുഭവങ്ങളും പഠനങ്ങളും ബോധ്യങ്ങളും അന്ത്യമില്ലാത്തവയാണ്. ദീനീ ഖിദ്മകൾക്കു വേണ്ടിയുള്ള ചിന്തകളിലും ചിന്താഗതികളിലും പ്രവർത്തനങ്ങളിലും അവ തേജസ്സോടെ നിറഞ്ഞു നിൽക്കണം. അപ്പോൾ മാത്രമാണ്, യാത്രകൾ സാർത്ഥകമാകുന്നത്. ഇൻ ശാഅല്ലാഹു തആല.