സമർഖന്ദിലെ സമുദ്രങ്ങൾ
Dr. MAH Azhari
ഉസ്ബെക് ഡയറീസ് 2
ഹോട്ടലിൽ നിന്നും മസ്ജിദ് അല്പം ദൂരെയായിരുന്നതിനാൽ ഹോട്ടലിലെ തന്നെ ഒരു ഹാളിൽ വെച്ചായായിരുന്നു നിസ്കാരം. ചായ ചോദിച്ചപ്പോൾ ഹോട്ടലുകാരൻ ചായയുണ്ടാക്കിത്തന്നു. സ്റ്റാറായിരുന്നെങ്കിൽ 'ഏഴ് മണിക്ക്' എന്ന് പറയുമായിരുന്നു. ഗ്രീൻ ടീയാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ചായ കുടിച്ചതിനു ശേഷം അല്പം വിശ്രമിച്ചു. സമർഖന്ദിൽ താമസിച്ച് സാവധാനത്തിൽ പോകാനായിരുന്നു ആഗ്രഹമെങ്കിലും, ബുഖാറയിലെ ബുക്കിങ്ങുകളെല്ലാം നേരത്തെ ചെയ്തത് കൊണ്ടും, ക്യാൻസൽ ചെയ്യാൻ നിർവാഹമില്ലാഞ്ഞത് കൊണ്ടും ബുഖാറയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. പൗരാണികതയുടെയും വിജ്ഞാനത്തിന്റെയും സൗന്ദര്യമാണ് സമർഖന്ദിന്. ചക്രവർത്തികളുടെ നേതാവായിരുന്ന അമീർ തിമൂറിന്റെ മോസൊളിയമായ ഗൂർ അമീറിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. അമീർ തിമൂറിന്റെ ആത്മീയ ഗുരുവായ സഈദ് ബറകയുടെയുടെയും, പൗത്രനും വലിയ ആസ്ട്രോണമി പണ്ഡിതനും രാജാവുമായിരുന്ന ഉലുഗ് ബേഗിന്റെതുമടക്കം ധാരാളം പേരുടെ വിശ്രമ കേന്ദ്രം അവിടെയാണ് സ്ഥിതി ചെയ്യുന്നത്.ഉലുഗ് ബേഗ് മദ്രസ, ഷേർ-ദാർ മദ്രസ, തില്യ-കാറി മദ്രസ എന്നീ മൂന്ന് മദ്രസകൾ ഉൾകൊള്ളുന്ന രെജിസ്ഥാൻ മദ്രസ (യൂണിവേഴ്സിറ്റി) കോംപ്ലെക്സിലേക്കാണ് പിന്നീട് പോയത്. മണൽ നാട് എന്നാണതിന്റെ അർത്ഥം. 1400 കളിലും 1600 കളിലുമൊക്കെ പണി കഴിപ്പിക്കപ്പെട്ട സ്ഥാപന സമുച്ചയങ്ങൾ അക്കാലത്തെ വിദ്യാഭ്യാസ സമ്പന്നതയെയാണ് വിളിച്ചോതുന്നത്. ഭീമമായ മൂന്ന് കെട്ടിടങ്ങൾ ഒരുമിച്ച് നിൽക്കുന്ന വൈജ്ഞാനിക ചത്വരം. ഉള്ളിൽ കയറിയാൽ നാല് കെട്ട് ബിൽഡിങ്. മധ്യത്തിലേക്ക് താഴ്ന്ന് താഴ്ന്ന് വരുന്ന കല്ല് പതിച്ച മുറ്റം. നടുവിലായി മരങ്ങളൊക്കെയുള്ള ചെറിയൊരു തോട്ടം. മഴ പെയ്താൽ വെള്ളം നടുവിൽ ശേഖരിക്കപ്പെടുകയും, മാർബിളിട്ടു മൂടിയ തുളകളുള്ള ചെറിയ സ്ലാബിലൂടെ വെള്ളം ഡ്രൈനേജിലേക്ക് ഒഴുകുകയും ചെയ്യും. നൂറ്റാണ്ടുകൾക്ക് മുൻപേ ചിന്തോദ്ദീപകമായ ഇത്തരം കാര്യങ്ങൾ ചെയ്തുവെച്ച ആളുകളെ തേടി ഇന്നും ആയിരക്കണക്കിന് മനുഷ്യർ വരികയാണെന്നും, കാലങ്ങൾക്ക് ശേഷം നമ്മളും ഓർക്കപ്പെടണമെങ്കിൽ നമ്മുടെ നാട്ടിലും ഇത്തരം നിർമ്മാണങ്ങൾ നിർബന്ധമാണെന്നും സംഘത്തിലുണ്ടായിരുന്ന ചിലർ പറയുന്നുണ്ടായിരുന്നു. യാത്രാ സംഘത്തിൽ ഗുജറാത്ത്, മധ്യ പ്രദേശ്, തെലുങ്കാന, കർണാടക, തമിഴ് നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ് തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നും പങ്കാളികളുണ്ടായിരുന്നു.
ഖുസം ഇബ്നു അബ്ബാസ് (റ) അന്ത്യ വിശ്രമം കൊള്ളുന്ന ശാഹീ സിന്ദ സമുച്ചയമായിരുന്നു അടുത്ത ലക്ഷ്യ സ്ഥാനം. മസ്ജിദുകളും, മദ്രസകളും, അനേകം പണ്ഡിതരുടെയും മഹത്തുക്കളുടെയും മഖ്ബറകളും ഉൾകൊള്ളുന്ന വിശാലമായ ഭൂമികയാണത്. ചുറ്റിലുമുള്ള ഏക്കർ കണക്കിന് പൊതു ഖബർസ്ഥാനിൽ കൗതുകമുള്ള ഒരു കാഴ്ച കൂടി കണ്ടു. ഖബറുകൾക്ക് പുറത്ത് യുവത്വ, മധുവിധു കാലങ്ങളിലെ ചിത്രങ്ങൾ കൊത്തിവെച്ചിരിക്കുന്നു. അത്, സോവിയറ്റ് (ജാഹിലിയ്യാ) കാലത്തെ ഒരു ശീലമായിരുന്നുവത്രെ.
താഷ്കന്ദിലെ സുഹൃത്ത് മുസഫറിന്റെ കൂടെ സമർഖന്ദിലെ ദീനീ സ്നേഹിയും വാണിജ്യ പ്രമുഖനുമായ ബെഹ്‌സാദ് സാഹിബിനെ കാണാനിടയായി. അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ഹ്യുമാനിറ്റീസ് യൂണിവേഴ്സിറ്റിയിൽ മെഡിസിൻ കൂടി തുടങ്ങാനുള്ള അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും, ഇന്ത്യയിലെ ഒരു മെഡിക്കൽ ട്രൂപ്പ് അദ്ദേഹവുമായി സഹകരണ കരാറിൽ ഒപ്പു വെച്ചിട്ടുണ്ടെന്നും അറിയാൻ സാധിച്ചു. കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുകയാണെങ്കിൽ, തത്ഫലമായി ഇന്ത്യൻ വിദ്യാർഥികൾക്ക് എല്ലാ സൗകര്യങ്ങളോടു കൂടെയും അവിടെ പഠനം നടത്താനുള്ള അവസരം ലഭിക്കുമെന്ന സന്തോഷവും ബെഹ്‌സാദ് സാഹിബ് പങ്കുവെച്ചു.
സമർഖന്ദിലെ ഏറ്റവും മുഖ്യമായ സിയാറത് ഇമാം ബുഖാരി (റ) യുടേതാണ്. ബുഖാറയിലേക്ക് പോകുന്ന വഴിയിലാണ് മസാറുള്ളത്. ലഞ്ച് കഴിച്ച ശേഷം അവിടേക്ക് പുറപ്പെട്ടു. ഹറമിലെ പോലെ, നിത്യേന നവീകരണ പ്രവർത്തനം നടക്കുന്ന ഒരു മസ്ജിദാണത്. അതുകൊണ്ട് തന്നെ അകത്തേക്കുള്ള പ്രവേശനാനുമതി ലഭിക്കൽ വളരെ പ്രയാസമാണ്. മുസഫറിന്റെ സുഹൃത്തായ റുസ്തം മുഖേന, ഞങ്ങൾക്കെല്ലാവർക്കും ഖബറിന്റെ അടുത്ത് തന്നെ ചെന്ന് സിയാറത് ചെയ്യാൻ ഭാഗ്യം ലഭിച്ചു. മുസഫറിനും സുഹൃത്ത് റുസ്‌തമിനും അല്ലാഹു ബറകത് ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ഇമാം ശാഫിഈ (റ) യുടെ ഖുബ്ബ കണ്ട്, “അവരോളം പോന്ന ഖുബ്ബ തന്നെ” എന്ന് പറയുന്നുണ്ട് ഇമാം നവവി (റ). അപ്രകാരം തന്നെ, ഇമാം ബുഖാരി (റ) യുടെ സ്ഥാനത്തെയും വലുപ്പത്തെയും പ്രഖ്യാപിക്കുന്ന ഭീമാകാരമായ ഖുബ്ബയും മിനാരങ്ങളുമാണ് അവിടെയും ഉയർന്നുകൊണ്ടിരിക്കുന്നത്. അവസാന കാലത്ത് ബുഖാറയിലേക്ക് പോകാൻ കഴിയാതെ, സമർഖന്ദിനടുത്തുള്ള ഹർതങ്കിൽ വെച്ച് അവർ വഫാതാവുകയും, അവിടെ തന്നെ ഖബറടക്കപ്പെടുകയുമാണല്ലോ ഉണ്ടായത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരിഷ്കരണം പൂർത്തിയാകുമ്പോൾ, ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീർത്ഥാടന കേന്ദ്രമായി ഇമാം ബുഖാരി (റ) യുടെ മസാർ മാറുമെന്നതിൽ സംശയമില്ല.
വന്നുകൊണ്ടിരിക്കുന്ന വിശാലമായ റോഡുകളും പാർക്കുകളും പാർക്കിങ്ങുകളും സത്രങ്ങളും ഹോട്ടലുകളും ആ വളർച്ചക്ക് ആക്കം കൂട്ടുന്നുമുണ്ട്.
വിഷമമുണ്ടാക്കുന്ന കാര്യമെന്താണെന്നു വെച്ചാൽ, ഏതാനും വർഷങ്ങൾക്കു മുൻപ് പണി പൂർത്തിയായ ഹദീസ് പഠന കേന്ദ്രങ്ങൾ, പല സാങ്കേതിക തടസ്സങ്ങളെ കൊണ്ടും അവിടെ നിർജ്ജീവമായി കിടക്കുന്നു എന്നതാണ്. എടുപ്പ് കൊണ്ടും, സൗകര്യങ്ങൾ കൊണ്ടും, മഹത്വം കൊണ്ടും ലോകോത്തര വൈജ്ഞാനിക വേദികളിൽ ഒന്നായി മാറാൻ കെൽപ്പുള്ള ഇമാം ബുഖാരി മസാർ, വിദ്യാഭ്യാസപരമായിക്കൂടി സജീവമാകേണ്ടതുണ്ട്. ഇൽമിനു വേണ്ടി അവർ നടത്തിയ അധ്വാനങ്ങൾ അതർഹിക്കുന്നുണ്ട്. അതിനുവേണ്ടി നാം പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം. കാരണം, ഒരു മുസ്ലിം എന്ന നിലക്ക്, പ്രത്യേകിച്ചും ലോകോത്തര നിലവാരത്തിൽ സ്ഥിരതയോടെ സ്വഹീഹുൽ ബുഖാരി ദർസുകൾ നടക്കുന്ന കേരളത്തിലെ ഒരു വിശ്വാസി എന്ന നിലക്ക്, ഇമാം ബുഖാരി (റ) യോട് നമുക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്.