റഷ്യയും ശീതത്തോടുള്ള യുദ്ധവും

Dr. MAH Azhari
മുഫ്തി റേവിൾ പാഞ്ചേവിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്‌ട്ര മതകീയ സമ്മിറ്റിൽ പങ്കെടുക്കാൻ വേണ്ടിയാണ് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലെത്തിയത്. മോസ്‌കോയിൽ വിമാനമിറങ്ങുമ്പോൾ മഞ്ഞ് പെയ്യുകയായിരുന്നു. ഉള്ളിലേക്ക് തുളച്ചു കയറുന്ന, ശരീരത്തെ കോച്ചി വലിക്കുന്ന തണുപ്പ്. കാലാവസ്ഥ തണുപ്പാണ് എന്നറിയാമായിരുന്നെങ്കിൽ ഞാൻ കണക്കു കൂട്ടിയതിനേക്കാൾ ഭീതിജനകമായിരുന്നു സ്ഥിതി. ലോക മഹായുദ്ധങ്ങളിലടക്കം റഷ്യ തന്ത്രപരമായി തണുപ്പിനെ ഉപയോഗിക്കുകയും പല വമ്പൻ സൈന്യങ്ങളെയും പരാജയപ്പെടുത്തുകയും ചെയ്ത ചരിത്ര സംഭവങ്ങളെ ഓർമിപ്പിക്കാൻ ആ കാലാവസ്ഥ പ്രാപ്തമായിരുന്നു.

സഞ്ചാരികൾക്ക്, പോകുന്ന രാജ്യങ്ങളിലെ കാലാവസ്ഥയെ കുറിച്ചുള്ള വ്യക്തമായ ചിത്രം മനസ്സിലുണ്ടാകണം. പ്രസ്തുത കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രവും മറ്റ് ഉപകരണങ്ങളും കയ്യിൽ കരുതുകയും വേണം. സെക്രട്ടറിമാരോ വീട്ടുകാരോ പാക്ക് ചെയ്താലും, യാത്രക്കാരൻ തന്നെ സ്വയം ബേഗ് ഒടുവിലൊന്ന് പരിശോധിക്കുന്നത് നല്ലതാണ്. ചൂടിന്റെയും തണുപ്പിന്റെയും അളവ് എത്രത്തോളമാണെന്ന കണക്കിനെ കുറിച്ചും ധാരണ വേണം. ഇരുപത് ഡിഗ്രി തണുപ്പത്തും പത്ത് ഡിഗ്രി തണുപ്പത്തും മൈനസ് ഡിഗ്രി തണുപ്പത്തും ധരിക്കുന്ന വസ്ത്രങ്ങളുടെ സ്വഭാവത്തിൽ സ്വാഭാവികമായും കാര്യമായ വ്യത്യാസങ്ങളുണ്ടാകും. പരിചയമില്ലാത്ത കാലാവസ്ഥ മനുഷ്യനെ രോഗിയാക്കും. യാത്രയിൽ അത് വലിയ പ്രയാസം സൃഷ്ടിക്കും. എയർപോർട്ടിൽ വാമിങ് സംവിധാനം ഉണ്ടായിരുന്നത് കൊണ്ട്, രണ്ടര മണിക്കൂറോളം സമയം അവിടെ തന്നെ കഴിച്ചു കൂട്ടി. എന്റെ ജാക്കറ്റും മറ്റും ലഗേജിൽ ആയിരുന്നത് കൊണ്ട് തണുപ്പ് കൊള്ളേണ്ടി വന്നു. പനി പിടിക്കുകയും ചെയ്തു.

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ്, സന്ദർശിക്കാൻ പോകുന്ന നാടുകളിലെ ഇലക്ട്രിക്കൽ പ്ലഗും അനുബന്ധ കാര്യങ്ങളും. രാഷ്ട്രങ്ങൾക്കനുസരിച്ച് അതിലൊക്കെ മാറ്റങ്ങൾ ഉണ്ടാകും. റഷ്യയിൽ ഉപയോഗിക്കാൻ പറ്റിയ ചാർജർ കയ്യിലില്ലാഞ്ഞതു കാരണം ഫോൺ ചാർജ് ചെയ്യാനും സാധിച്ചില്ല.

സെന്റ് പീറ്റേഴ്‌സ്ബർഗിലേക്കുള്ള ഫ്ലൈറ്റ് കയറാൻ ബസ്സിലാണ് പോകുന്നത്. പത്തിരുപത് മിനിറ്റ് ബസ്സിൽ നിൽക്കേണ്ടി വന്നു. സെന്റ് പീറ്റേഴ്‌സ്ബർഗിൽ തണുപ്പിന് കുറച്ച് ആശ്വാസമുണ്ടായിരുന്നു. മഞ്ഞ് വീഴ്ചയുമില്ല. എയർപോർട്ടിൽ ടാക്സിക്കാരൻ എന്റെ പേരെഴുതിയ ബോർഡും പിടിച്ച് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ചെന്ന് സംസാരിച്ചപ്പോൾ, ഒരാൾ കൂടെ വരാനുണ്ടെന്ന് പറഞ്ഞു. അയാൾ റഷ്യനിൽ സംസാരിക്കുകയും ഇംഗ്ലീഷിലേക്ക് ട്രാസ്‌ലേറ്റ് ചെയ്ത് കാണിക്കുകയുമാണ് ചെയ്‌തത്‌. വല്ലാതെ ക്ഷീണിച്ചിട്ടുണ്ടെന്നും പെട്ടെന്ന് തന്നെ പോകണമെന്നും ഞാൻ ടൈപ്പ് ചെയ്ത് കാണിച്ചു കൊടുത്തെങ്കിലും, അപ്പോഴേക്കും വരാനുള്ള രണ്ടു പേർ വന്നിരുന്നു. ഒരാൾ ഇറ്റലിക്കാരനും ഒരാൾ സ്വിറ്റ്സർലന്റുകാരനുമായിരുന്നു.

സെന്റ് പീറ്റേഴ്‌സ്ബർഗിന്റെ ഏറ്റവും വലിയ സവിശേഷത പട്ടണത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന കെട്ടിപ്പടുത്ത നിവ നദിയും, പ്രധാന പുഴയിൽ നിന്നും കൈ വഴികളായി ഒഴുകുന്ന കൊച്ചു കൊച്ചു അരുവികളുമാണ്. ചരക്കു നീക്കത്തിനും സഞ്ചാരത്തിനും വേണ്ടി ഉപയോഗിച്ചിരുന്ന പുഴകൾ, കൂടുതലായും ഉല്ലാസത്തിന് വേണ്ടിയാണ് ഇപ്പോൾ ഉപയോഗിക്കപ്പെടുന്നത്. 1700 കളുടെ തുടക്കത്തിലാണ് ഈ പട്ടണം രൂപപ്പെടുന്നത്. നദികൾ കൊണ്ട് ഭൂപടം വരക്കപ്പെട്ട മനോഹരമായ നഗരത്തിന്റെ മറ്റൊരു ആകർഷണം, നൂറ്റാണ്ടുകൾ പഴക്കമുള്ള ഗംഭീര കെട്ടിടങ്ങളാണ്. മുഴുവൻ കെട്ടിടങ്ങളും ഏകദേശം ഒരേ ഉയരത്തിലാണുള്ളത്. നാലും അഞ്ചും ആറും നിലയുള്ളവ. ഹൈറൈസ് ബിൽഡിങ്ങുകൾ ചില പ്രദേശങ്ങളിൽ മാത്രമേ കാണാൻ സാധിക്കൂ. അന്തസ്സും എടുപ്പുമുള്ള കെട്ടിടങ്ങളുടെ തൂണുകളിലും റൂഫുകളിലുമായി, നിർമാതാക്കളുടെ കരവിരുത് പ്രകടമാകും വിധം, പഴയ രാജാക്കന്മാരുടെ തലയും ക്രിസ്ത്യൻ അടയാളങ്ങളും കൊത്തിവെക്കപ്പെട്ടത് കാണാം. സൂചി പോലെ മേൽപ്പോട്ട് കൂർത്ത് നിൽക്കുന്ന കത്തീഡ്രലുകളും അങ്ങിങ്ങായി ഉയർന്നു നിൽക്കുന്നുണ്ട്. എവിടെയെങ്കിലും പോയാൽ പൊതുവെ, അങ്ങാടിയിലൂടെയും ഗ്രാമങ്ങളിലൂടെയും ഇറങ്ങി നടക്കുകയും ആളുകളുമായി സംവദിക്കുകയും ചെയ്യാറുണ്ട്. എന്നാൽ തണുപ്പും കഫക്കെട്ടും കാരണം ഈ യാത്രയിൽ എനിക്കതിന് അധികമൊന്നും സാധിക്കുമായിരുന്നില്ല.

പ്രധാനമായും നാല് മസ്ജിദുകളാണ് നഗരത്തിലുള്ളത്. പിന്നെയുള്ളത് ചെറിയ മുസ്വല്ലകളാണ്. നൂറിലേറെ വർഷക്കാലം പഴക്കമുള്ള വലിയ കത്തീഡ്രൽ ജുമുഅ മസ്ജിദ് കണ്ടു. പെരുന്നാൾ നിസ്കാരത്തിന് വേണ്ടി കിലോമീറ്ററോളം ദൂരം വിശ്വാസികൾ സ്വഫായി നിൽക്കുന്ന ചിത്രങ്ങളുണ്ടവിടെ. നമ്മുടെ നാടുകളിലെ പ്പോലെ മസ്ജികൾ സുലഭമല്ലല്ലോ. അവിടെ പരിസരത്തെവിടെയെങ്കിലും മലയാളികളായ കച്ചവടക്കാരുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ആരെയും കിട്ടിയില്ല. കച്ചവടക്കാർ ഇത്തരം പ്രദേശങ്ങളിൽ ചെല്ലുകയും സജീവമാവുകയും വേണം. റെസ്റ്റോറന്റ്, ഹോട്ടൽ, കഫ്തീരിയ, അത്തർ പോലെയുള്ള ബിസിനസുകൾക്ക് ഇത്തരം നാടുകളിൽ വലിയ സാധ്യതകളാണുള്ളത്. കച്ചവടത്തിന് പോകുന്നവർ പണ സമ്പാദനത്തെ മാത്രം ലക്ഷ്യം വെക്കാതെ, പ്രബോധനം എന്ന ദൗത്യത്തെ കൂടെ ഏറ്റെടുക്കണം.

നാടിനും ദീനിനും എന്തെങ്കിലും നന്മ സംഭാവന ചെയ്യാൻ സാധിക്കുന്ന സഞ്ചാരികളായ കച്ചവടക്കാർ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ഇത്തരമൊരു നാട്ടിൽ നടത്തപ്പെടുന്ന കോൺഫറെൻസിൽ പങ്കെടുക്കുന്നത് കൊണ്ട് എന്തായിരിക്കും പ്രയോജനം എന്ന് പലപ്പോഴും ചിന്തിച്ചിരുന്നു. എന്നാൽ, വിശ്രുത പണ്ഡിതനും ഈജിപ്ത് ഔഖാഫ് മന്ത്രിയുമായ ഡോ. ഉസാമ അൽ-അസ്‌ഹരി, യൂ ഏ ഈ ഔഖാഫ് ചെയർമാൻ ഉമർ അൽ-ദറഇ, കുവൈത്, ഖത്വർ പോലെയുള്ള പല രാഷ്ട്രങ്ങളിലെയും ഇസ്‌ലാമിക മതകാര്യ വിദഗ്ധർ, യൂറോപ്യൻ യൂണിയനിലെയും മറ്റു രാഷ്ട്രങ്ങളിലെയും മുഫ്തിമാർ തുടങ്ങി ഒരുപാട് പ്രമുഖർ സമ്മേളനത്തിൽ സന്നിഹിതരായിട്ടുണ്ടായിരുന്നു. അവരെയൊക്കെ കാണാനും ബന്ധം പുതുക്കാനും പരിചയപ്പെടാനും അവസരം ലഭിച്ചു. അവരുടെയെല്ലാം സാന്നിദ്ധ്യം, സമ്മിറ്റിന്റെ പ്രാധാന്യത്തെ മനസ്സിലാക്കാൻ കൂടെ സഹായിച്ചു.

1810 ൽ ഈജിപ്തിൽ ജനിക്കുകയും, 1840 കളിൽ റഷ്യയിലേക്ക് കുടിയേറുകയും, ഏറെക്കാലം സെന്റ് പീറ്റേഴ്‌സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുകയും, 1861 ൽ മരണപ്പെടുകയും ചെയ്ത ശൈഖ് മുഹമ്മദ് അയ്യദ് അൽ-തൻതാവിയുടെ മസാറുള്ളത് സെന്റ് പീറ്റേഴ്‌സ്ബർഗിൽ തന്നെയാണ് (Sheikh Muhammad Ayyad al-Tantawi). അവിടെ സന്ദർശിക്കുക എന്ന പുണ്യ പ്രവൃത്തി കൂടെയാണ് റഷ്യയിൽ വന്നത് കൊണ്ടുള്ള ലക്ഷ്യമെന്ന് ഉസാമ അസ്ഹരി പ്രഭാഷണത്തിനിടയിൽ പറഞ്ഞിരുന്നു. ഹോട്ടലിൽ നിന്നും ഏകദേശം പതിമൂന്ന് മിനിറ്റ് യാത്ര മാത്രമേ അങ്ങോട്ടുണ്ടായിരുന്നൊള്ളൂ. അവിടെ സന്ദർശിക്കാനും സാധിച്ചു.

© 2024 Dr. MAH Azhari
⚡ziqx.cc