ഇഹ്തിസാബും തഖ്‌വയും: നോമ്പിന്റെ സാരാംശങ്ങൾ

Dr. MAH Azhari
റമളാൻ മാസം നോമ്പനുഷ്ഠിക്കുന്നവർക്ക് മുൻകാല പാപങ്ങൾ പൊറുക്കപ്പെടും എന്ന ഹദീസിൽ രണ്ട് നിബന്ധനകൾ കൂടി മുത്ത് നബി (സ്വ) പഠിപ്പിക്കുന്നുണ്ട്. നോമ്പ് ഈമാനോടെയും ഇഹ്തിസാബോടെയും കൂടെയാകണം എന്നാണവ. ഒരർത്ഥത്തിൽ പറഞ്ഞാൽ, അല്ലാഹുവിങ്കൽ നിന്നും കൂലി ലഭിക്കുമെന്ന ഉറപ്പും വിശ്വാസവുമാണ് ഈമാൻ. നോമ്പ് കൊണ്ട് അതല്ലാതെ മറ്റൊന്നും ലക്ഷ്യം വെക്കാതിരിക്കലാണ് ഇഹ്തിസാബ്.

ഇഹ്തിസാബിന്റെ ആശയത്തെ ഉദ്ദീപിപ്പിക്കുന്ന മറ്റൊരു പദമാണ് ഇഖ്ലാസ്. കലർപ്പില്ലാത്തത്, കളങ്കമില്ലാത്തത് എന്നൊക്കെ അർത്ഥം പറയാം. അല്ലാഹുവിന്റെ പക്കലിൽ നിന്നുള്ള പ്രതിഫലമല്ലാതെ, വിശ്വാസിക്ക് പ്രവർത്തനങ്ങളെ കൊണ്ട് മറ്റൊരു ഉദ്ദേശ്യവും ഇല്ലാതിരിക്കുക എന്നതാണ് ഇഖ്ലാസിന്റെ സാരാംശം. ജനശ്രദ്ധ, സ്ഥാന മാനം തുടങ്ങിയ വൈയക്തികമോ അല്ലാത്തതോ ആയ യാതൊരു താല്പര്യവും കയറിക്കൂടിയിട്ടില്ലാത്ത നിയ്യത്തിനെയാണ് ഇഖ്ലാസ് പ്രതിനിധാനം ചെയ്യുന്നത്.

അല്ലാഹു നൽകുന്ന പ്രതിഫലത്തിൽ ആഗ്രഹിക്കുക എന്ന് പറയുമ്പോൾ തന്നെയും, കുറച്ചു കൂടി ആഴത്തിലുള്ള അവബോധത്തിനു വേണ്ടി, തസവ്വുഫിലും ഇൽമുൽ കലാമിലും പണ്ഡിതർ നടത്തുന്ന മറ്റൊരു ചർച്ച കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. സ്വർഗ ലബ്ധിയോ നരക മോചനമോ മാത്രമാണ് ഇബാദത്ത് കൊണ്ട് ലക്ഷ്യം വെക്കുന്നതെങ്കിൽ, ആ ആരാധന സ്വീകാര്യ യോഗ്യമല്ല എന്നത് പണ്ഡിതരുടെ ഏകപോനമാണ്. കാരണം, അല്ലാഹു തആലയുടെ ആരാധനക്കുള്ള അർഹതയെ പരോക്ഷമായെങ്കിലും നിരസിക്കൽ അതിലൂടെ സംഭവിക്കുന്നുണ്ട്. ഇതടിസ്ഥാനത്തിൽ, അയാളുടെ ഈമാൻ തന്നെയും സംശയത്തിന്റെ നിഴലിലായിത്തീരുന്നുമുണ്ട്.

ഇനി, അല്ലാഹുവിനു വേണ്ടിയാണ് ഇബാദത് ചെയ്യുന്നത് എന്ന് മനസ്സിലുറപ്പിച്ച ശേഷം, സ്വർഗ ലബ്ധിയെയും നരക മോചനത്തെയും കൂടെ ലാക്കാക്കുന്നതിൽ പ്രശ്നമില്ല താനും. അല്ലാഹുവിന്റെ ആരാധനക്കുള്ള അർഹതയെ വക വെച്ചതിനു ശേഷമാണ്, അപ്പോൾ പ്രതിഫലത്തെ ആഗ്രഹിക്കൽ സംഭവിച്ചത്. എന്നാലും, ‘അല്ലാഹുവിനു വേണ്ടി’ എന്ന നിഷ്കളങ്കവും ആത്മാർത്ഥവുമായ നിയ്യത്ത് തന്നെയാണ് അടിമയായ മനുഷ്യന് ഏറ്റവും അഭികാമ്യം. പ്രവർത്തനങ്ങളെ കൊണ്ട് പ്രതിഫലത്തെ പോലും ലക്ഷ്യമാക്കുന്നില്ല. അല്ലാഹു കൽപിച്ചു, ഞാൻ ചെയ്തു, അത്ര മാത്രം. വിധേയപ്പെടലിന്റെ, അടിമത്വത്തിന്റെ തനതായ രൂപമാണത്.

‘ഈമാനൻ വഹ്തിസാബൻ’ നോമ്പനുഷ്ഠിക്കാൻ റബ്ബ് കൽപിച്ചു. എന്തിനാണ് കൽപിച്ചത്? നോമ്പ് കൊണ്ട് എന്താണ് ലക്ഷ്യം? നിങ്ങളുടെ പൂർവിക ജനതകളെ പോലെ നിങ്ങൾക്കും നോമ്പിനെ നിർബന്ധമാക്കിയിരിക്കുന്നു എന്ന വിജ്ഞാപനത്തിനു ശേഷം ഖുർആൻ പഠിപ്പിക്കുന്നത്, നിങ്ങൾ തഖ്‌വയുള്ളവരാകാൻ വേണ്ടി എന്നാണ്. അല്ലാഹുവിനോടുള്ള തഖ്‌വയാണ് സകല വിജയങ്ങളുടെയും അടിസ്ഥാനം. മനുഷ്യന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ് മുത്തഖിയാവൽ. മുത്തഖിയുടെ കർമങ്ങളെ മാത്രമേ അല്ലാഹു സ്വീകരിക്കുകയൊള്ളൂ എന്ന ഖുർആനിക അധ്യാപനം വിശ്വാസിയുടെ മാനദണ്ഡത്തെ വരച്ചു വെക്കുന്നതാണ്. വസ്ത്രത്തിലേക്കോ ശരീരത്തിലേക്കോ അല്ല, ഖൽബിലേക്കാണ് അല്ലാഹുവിന്റെ നോട്ടം. തഖ്‌വ കുടികൊള്ളുന്ന ഇടമാണത്. അവിടെ നിന്നുമാണ് തഖ്‌വ അവയവങ്ങളിലേക്ക് പടരുന്നത്.

തഖ്‌വയുടെ മൂന്ന് മർതബകളെ പണ്ഡിതർ പരിചയപ്പെടുത്തുന്നുണ്ട്. ശിർകിനെ വെടിയലാണ് അതിലെ ആദ്യ മർതബ. ചെറുപാപങ്ങളടക്കം മുഴുവൻ ദോഷങ്ങളിൽ നിന്നും മാറി നിൽക്കലാണ് രണ്ടാം മർതബ. മൂന്നാം മർതബയാണ് മൗലികമായ തഖ്‌വ, അതാണ് പൂർണത. അഥവാ, അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയെ തൊട്ട് വ്യതിചലിപ്പിക്കുന്ന നിഖില കാര്യങ്ങളിൽ നിന്നും മാറി നിൽക്കലും, അവയവങ്ങൾ മുഴുവൻ കൊണ്ടും പ്രസ്തുത ചിന്തയിലേക്കുള്ള കേന്ദ്രീകരണവുമാണത്. ഈ പരിപൂർണതയിലേക്ക് എത്തിപ്പെടാനാണ് മനുഷ്യൻ അധ്വാനിക്കേണ്ടത്. കാരണം, മനുഷ്യ-ജിന്ന് വർഗങ്ങളുടെ സൃഷ്ടിപ്പ് കൊണ്ടുള്ള ഉദ്ദേശ്യം തന്നെ, അല്ലാഹുവിനോടുള്ള ആരാധന മാത്രമാണ്.

ഹലാൽ പോലും വെടിയുന്നവരാണ് സൂഫികൾ എന്ന പണ്ഡിത വചനം പലയാവർത്തി വായിക്കപ്പെടേണ്ടതാണ്. സുന്നതും വാജിബും, അഥവാ, മത്ലൂബായ കാര്യങ്ങൾ മാത്രം ചെയ്താണ് യഥാർത്ഥ സൂഫികൾ ജീവിക്കുന്നത്. അത് അപ്രാപ്യമായ കാര്യമല്ല. നിയ്യത്തിന്റെ ദൃഢതയും നിഷ്കളങ്കതയും കൊണ്ട് മറ്റുള്ളവർക്ക് ഹലാൽ എന്ന് തോന്നിക്കുന്ന കാര്യങ്ങളെ പോലും മത്ലൂബിന്റെ സ്ഥാനത്തേക്ക് ഉയർത്താൻ അവർക്ക് സാധിക്കുന്നു. പ്രസ്തുത അവസ്ഥാ വിശേഷത്തെ സ്വപ്നം കാണുകയും, അതിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയുമാണ് വിശ്വാസിയുടെ കർത്തവ്യം.

© 2024 Dr. MAH Azhari
⚡ziqx.cc