ബലിപെരുന്നാൽ തക്ബീറുകൾ

Dr. MAH Azhari
ദുൽഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങളിൽ ബലി മൃഗങ്ങളെ കണ്ടാലും, അവയുടെ ശബ്ദം കേട്ടാലും ഒരു തവണ തക്ബീർ ചൊല്ലൽ സുന്നത്തുണ്ട്. പെരുന്നാൾ രാവ് മഗ്‌രിബ് മുതൽ ഇമാം പെരുന്നാൾ നിസ്കാരം തുടങ്ങുന്നതു വരെ നിരുപാധികവും തക്ബീർ സുന്നത്തുണ്ട്. വീടുകളിലും പള്ളിയിലും മാർക്കറ്റിലും വഴിയോരങ്ങളിലുമെല്ലാം ഉച്ചത്തിൽ തക്ബീർ വിളിക്കൽ സുന്നത്താണ്. ഇബ്നു ഉമർ (റ) വും അബൂഹുറൈറ (റ) വും ഉച്ചത്തിൽ തക്ബീർ വിളിച്ചുകൊണ്ട് അങ്ങാടികളിലൂടെ നടന്നതും, മറ്റു സഹാബികൾ തക്ബീർ ഏറ്റു വിളിച്ചതും ഹദീസുകളിൽ വായിക്കാം. പെരുന്നാൾ ദിനം വീട്ടിൽ നിന്നും പുറപ്പെട്ടത് മുതൽ നിസ്കരിക്കാനുള്ള മുസ്വല്ലയിൽ എത്തുന്നത് വരെ തിരുനബി (സ്വ) തക്ബീർ ചൊല്ലാറുണ്ടായിരുന്നുവെന്നും ഹദീസുകൾ പഠിപ്പിക്കുന്നു.

ഇതോടൊപ്പം, അറഫാ ദിവസത്തെ സുബ്ഹി മുതൽ അയ്യാമു തശ്രീഖ് അവസാനിക്കുന്ന അസർ വരെ എല്ലാ നിസ്കാര ശേഷവും തക്ബീർ ചൊല്ലൽ പ്രത്യേക സുന്നത്തുണ്ട്. ഫർളിലും സുന്നതിലും നേർച്ചയായ നിസ്കാരങ്ങളിലുമെല്ലാം ഈ സുന്നത്ത് നിലനിൽക്കുന്നു. സ്ത്രീകൾ മഹ്റം അല്ലാത്തവരുടെ സാന്നിധ്യത്തിൽ പതുക്കെയാണ് തക്ബീർ ചൊല്ലേണ്ടത്.
തക്ബീറിന്റെ ശ്രേഷ്ഠമായ രൂപം ഇങ്ങനെയാണ്:
اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ لَا إلَهَ إلَّا اللَّهُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الْحَمْدُ
മൂന്ന് തക്ബീറുകൾക്ക് ശേഷം ഇങ്ങനെ അധികരിപ്പിക്കലും സുന്നത്തുണ്ട്:
اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلًا

© 2024 Dr. MAH Azhari
⚡ziqx.cc