ബദ്‌രീങ്ങളെ ബറകത്തിനാൽ

Dr. MAH Azhari
ചരിത്ര പഠനത്തെ തസവ്വുഫ് എന്ന വിജ്ഞാന ശാഖയിലെ ഒരിനമായിട്ടാണ് പണ്ഡിതർ എണ്ണുന്നത്. അതിന് വ്യക്തമായ കാരണമുണ്ട്. ചില വ്യക്തികൾക്കോ സമൂഹങ്ങൾക്കോ സ്ഥലങ്ങൾക്കോ മറ്റോ സംഭവിച്ച നേട്ടങ്ങളോ കോട്ടങ്ങളോ ആയിരിക്കും ചരിത്ര പഠനത്തിന്റെ പ്രതിപാദ്യ വിഷയം. ഭൂതത്തെ കുറിച്ച് പഠിക്കുന്നത്, ഭാവിയെ ഭാസുരമാക്കുന്നതിനു വേണ്ടിയാണ്. അഥവാ, ഭൂതകാല സംഭവങ്ങളെ വായിക്കുകയും, മനസ്സിലാക്കുകയും, ആവശ്യമായ നിരൂപണങ്ങളും അപഗ്രഥനങ്ങളും നടത്തുകയും ചെയ്യുമ്പോൾ, എന്ത് ചെയ്യണം/ എന്ത് ചെയ്യരുത് എന്ന വ്യവച്ഛേദം വിശ്വാസിക്ക് മുൻപിൽ ദൃശ്യമാകും. ആ വ്യവച്ഛേദം തന്നെയാണ് തസവ്വുഫിന്റെ കാതൽ.

ഇന്നലെ ഇന്നിന്റെയും, ഇന്ന് നാളേയുടെയും ചരിത്രമാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ പ്രസക്തവും അപ്രസക്തവുമായ, അനുസ്മരിക്കപ്പെടുന്നതും വിസ്മരിക്കപ്പെടുന്നതുമായ, സംഭവ വികാസങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി ഉടലെടുത്തുകൊണ്ടേയിരിക്കും. അവയിൽ നിന്നും, പാഠവും ഉപകാരവുമുള്ള നിമിഷങ്ങളെ ബുദ്ധിയുള്ള മനുഷ്യർ വീണ്ടും വീണ്ടും ഓർത്തുകൊണ്ടിരിക്കുകയും ചെയ്യും. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത്തരത്തിൽ നിരന്തരം ഓർക്കപ്പെടുന്നതും ഓർക്കപ്പെടേണ്ടതുമായ ഒരധ്യായമാണ് ബദ്ർ.

ഫുർഖാൻ എന്നൊരു പേരു കൂടി ബദ്റിനുണ്ട്. നന്മയും തിന്മയും തമ്മിലുള്ള പരിഛേദമാണ് യഥാർത്ഥത്തിൽ ബദ്റിന്റെയന്ന് സംഭവിച്ചത്. സായുധ പോരാട്ടത്തിന്റെ വീര്യം കൊണ്ടല്ല, ബദ്രീങ്ങളുടെ ഈമാൻ കൊണ്ടായിരുന്നു ബദ്റിൽ മുസ്ലിം പക്ഷം വിജയിച്ചത്. അല്ലാഹുവും റസൂലും കൽപ്പിക്കുന്നതെന്ത് തന്നെയായാലും, പൂർണ തൃപ്തിയോടെയും വിധേയത്വത്തോടെയും അതിനെ അനുസരിക്കുക എന്ന അങ്ങേയറ്റത്തെ വിശ്വാസമായിരുന്നു അവരുടെ ആധാരം. അവരുടെ വിശ്വാസമാണ് മലാഇകത്തിന്റെ രൂപത്തിൽ സഹായമായെത്തിയത്. നബി (സ്വ) യുടെ അധ്യാപനം പോലെ, വിശ്വാസിയുടെ കാര്യം അത്ഭുതമാണ്. ഖൈർ സംഭവിക്കുമ്പോൾ ശുക്റും, ശറ് ഭവിക്കുമ്പോൾ സ്വബ്റും പ്രകടിപ്പിക്കലാണ് വിശ്വാസിയുടെ സ്വഭാവം. തവക്കുലിന്റെ സമഗ്ര രൂപമാണത്. പ്രതിസന്ധികളിൽ മുസ്ലിം എങ്ങനെയാണ് പെരുമാറേണ്ടത് എന്ന സാർവകാലികവും സാർവലൗകികവുമായ ചോദ്യത്തിനുള്ള ഉത്തരമാണ്, ബദ്രീങ്ങൾ ലോകത്തെ പഠിപ്പിച്ചതും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും.

റമളാൻ മാസം, ഹിജ്റയുടെ രണ്ടാം വർഷം, ശോഷിച്ച സന്നാഹം, തുച്ഛമായ ആൾബലം തുടങ്ങി, ഒരു പോരാട്ടം എന്ന നിലയിൽ, പുറകോട്ട് വലിക്കുന്ന ഘടകങ്ങൾ ധാരാളമുണ്ടായിരുന്നു ബദ്റിന്റെ പശ്ചാത്തലത്തിൽ. എന്നിട്ടും, പുറപ്പെടാനുള്ള പ്രവാചക നിർദ്ദേശത്തെ ഒരു അവജ്ഞയും കൂടാതെയാണ് സ്വഹാബത് സ്വീകരിച്ചത്. അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിച്ചവർക്ക് ഒന്നിനെ കുറിച്ചും ഭയപ്പെടാനില്ല. ഹസ്ബുനല്ലാഹ് എന്ന മനസ്സമാധാനത്തിലേക്ക് ഉയരുകയും, ഖദ്ർ ഖളാഇലുള്ള വിശ്വാസം ദൃഢമാക്കുകയും ചെയ്യുമ്പോൾ മാത്രമാണ് ഈമാൻ പരിപൂർണമാകുന്നത് എന്ന വിജ്ഞാപനം കൂടെയാണ് ബദ്ർ വിളംബരപ്പെടുത്തുന്നത്.

ബദ്ർ സ്മരണ ഉപര്യുക്ത വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. തൽഫലമായി, മുസ്ലിമിന്റെ പ്രതിസന്ധികളിലും പ്രശ്നങ്ങളിലും ഒരു അഭയ കേന്ദ്രമായി ബദ്രീങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ പാവന അനുസ്മരണ പരമ്പരയിൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന രൂപത്തിലാണ്, ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനം ജാമിഉൽ ഫുതൂഹിൽ ഈ വർഷവും നടന്നത്. ഇഫ്താറിനും, ഇഅ്തികാഫിനും, മൗലിദ് പാരായണത്തിനും, മറ്റു ഇബാദത്തുകൾക്കും വേണ്ടി പതിനായിരങ്ങളാണ് ജാമിഉൽ ഫുതൂഹിൽ റമളാൻ 17 ആം രാവിൽ സംഗമിക്കാറുള്ളത്. ലക്ഷക്കണക്കായ വിശ്വാസികൾക്ക് ബദ്റിന്റെ ആത്മീയ അനുഭൂതി പകരാൻ ഇന്ത്യൻ ഗ്രാൻഡ് മസ്ജിദായ ജാമിഉൽ ഫുതൂഹിന് സാധിക്കുന്നുണ്ട്.

ബുദ്ധിമുട്ടുകളിൽ നിന്നുള്ള തുറസ്സിനെയാണ് ഫുതൂഹ് പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യൻ മുസ്ലിം ജനതയുടെ കേന്ദ്രമായി ജാമിഉൽ ഫുതൂഹ് വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, കാന്തപുരം എ.പി അബൂബക്ർ മുസ്‌ലിയാർ, അറുപത് വർഷത്തിലേറെ കാലമായി നടത്തിക്കൊണ്ടിരിക്കുന്ന നിസ്തുല ദീനീ സേവനങ്ങളുടെ ഒരു വിജയനാട കൂടെയാണ് ജാമിഉൽ ഫുതൂഹ്. ഈ വികാസത്തിനിടയിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെയും തടസ്സങ്ങളെയും മറികടക്കാൻ ജാമിഉൽ ഫുതൂഹിന് എല്ലാ കാലത്തും ശക്തി ലഭിച്ചത് ബദ്രീങ്ങളെ കൊണ്ടായിരുന്നു. അല്ലാഹുവിന്റെ മുഖറബീങ്ങളായ അടിമകളായതു കൊണ്ട് തന്നെ, അവരെ മുൻനിർത്തിയുള്ള തേട്ടങ്ങൾക്ക് റബ്ബിന്റെയടുക്കൽ സ്വീകാര്യത കൂടുതലായിരിക്കും. അവർ മുഖേന അല്ലാഹുവിലേക്ക് അടുക്കാൻ സാധിക്കും. അവരാണ് നമുക്ക് ഫുതൂഹിലേക്കെത്തിച്ചേരാനുള്ള മാധ്യമം.

© 2024 Dr. MAH Azhari
⚡ziqx.cc