അനുഗൃഹീത അന്തിജാൻ

Dr. MAH Azhari

ഉസ്ബെക് ഡയറീസ് 4

വൈകുന്നേരം ആറരക്കുള്ള ട്രെയിനിലാണ് ബുഖാറയിൽ നിന്നും അന്തിജാനിലേക്ക് പുറപ്പെട്ടത്. ട്രെയിൻ ഏറെക്കുറെ ഇന്ത്യൻ ട്രെയിൻ പോലെത്തന്നെയാണ്. ടു ടെയറാണെങ്കിലും, മുകളിൽ പെട്ടി വെക്കാനുള്ള റേക്കുണ്ട്. ലഗേജ് വെക്കാൻ സീറ്റിനു താഴെയും സൗകര്യമുണ്ട്. സവിശേഷമായി കണ്ട കാര്യം, വാതിൽ തുറക്കാനും അടക്കാനും ഓരോ ബോഗിക്കും പ്രത്യേകമായ ഗാർഡുണ്ടായിരുന്നു എന്നതാണ്. കിടക്കയും വിരിപ്പും ലഭ്യമാണ്. ഏസിയുള്ളതായി തോന്നിയില്ല. ബുഖാറ, പൊതുവെ ഉഷ്ണ മേഖലയാണ്. തുടക്കത്തിൽ ചൂടനുഭവപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് രാത്രിയൊക്കെ നല്ല തണുപ്പായി മാറി. ധാരാളം ഫാക്ടറികൾ നിറഞ്ഞ മേഖലകളിലൂടെയായിരുന്നു സഞ്ചാരം.

പിറ്റേന്ന് രാവിലെയോടെ താഷ്കന്ദ് മുറിച്ച് കടന്നു. താഷ്കന്ദിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള യാത്ര, കൺകുളിർമ സമ്മാനിക്കുന്ന ഒന്നാണ്. ഇന്ത്യയിൽ ഏകദേശം കശ്മീറിനോട് സമാനമായ കാലാവസ്ഥയും, കൃഷികളും, പ്രദേശങ്ങളും. മരങ്ങളായി കൂടുതൽ കാണുന്നത്, ആപ്പിളും സഫേദയും ചിനാറുമൊക്കെയാണ്. കുന്നുകളും, മലകളും, താഴ്വരകളും, മഞ്ഞുരുകി ഒഴുകുന്ന പുഴകളും, ഭംഗിയുള്ള ഉരുളൻ കല്ലുകളുമടക്കം അതിമനോഹരമായ കാഴ്ചകൾ. ഗോതമ്പ് കൃഷിയും സജീവമായി തന്നെയുണ്ട്. ഗുജറാത്തിലെ കച്ചുകാരായ ഗനി ഭായ് അടക്കമുള്ളവർ യാത്രാ സംഘത്തിലുണ്ടായിരുന്നു. ചുറ്റുപാടുകളെ വീക്ഷിച്ച്, കൃഷിയെ സംബന്ധിച്ച പല കാര്യങ്ങളും അവർ പങ്കു വെച്ചു. ഗുജറാത്തിനേക്കാൾ നല്ല ഫലഭൂയിഷ്ഠമായ മണ്ണാണെന്നും, നാട്ടിലുള്ളതിനേക്കാൾ നല്ല ഗോതമ്പാണെന്നും അവർ അഭിപ്രായപ്പെട്ടു. പശുക്കൾക്ക് കൊടുക്കുന്ന തീറ്റച്ചെടിയുടെ കൃഷിയും അവർ ഞങ്ങൾക്ക് പരിചയപ്പെടുത്തി. മൃഗങ്ങളുടെ ആരോഗ്യത്തിനും, പാൽ വർദ്ധനവിനും വളരെ നല്ലതാണെന്നും, അവരുടെ നാട്ടിൽ അത് കൃഷി ചെയ്യാറുണ്ടെന്നും അവർ പറഞ്ഞു. യാത്ര, നഗരം മാറിയുള്ള പ്രവിശ്യകളിലൂടെയായതിനാൽ, പാവങ്ങളും കർഷകരും മറ്റും ജീവിക്കുന്ന കൊച്ചു വീടുകളും പരിസരങ്ങളുമായിരുന്നു മറ്റു പ്രധാന കാഴ്ച്ചകൾ. അവരുടെ ജീവിത രീതികളും സാഹചര്യങ്ങളും കാണാനും മനസ്സിലാക്കാനും അതൊരു അവസരമായിരുന്നു.

ഉസ്ബെക്കിൽ പലപ്പോഴും യാത്ര ചെയ്തിട്ടുണ്ടെങ്കിലും, താഷ്കന്ദിന്റെ വടക്ക് ഭാഗമായ, അന്തിജാൻ, ഫെർഗാന വാലി, കോകന്ദ് പ്രദേശങ്ങളിൽ ഞാൻ ആദ്യമായി പോവുകയായിരുന്നു. ഉസ്‌ബെക്കിലെ ഏറ്റവും മനോഹരമായ ഇടം ഫെർഗാന വാലിയാണെന്ന് പറയപ്പെടാറുണ്ട്. ആദ്യ മുഗൾ രാജാവായ ബാബറിന്റെ ജന്മ സ്ഥലവും ഈ പ്രദേശത്താണ്. പൂർവകാല മഹത്തുക്കളുടെയും സൂഫികളുടെയും നാടാണെങ്കിലും, ശേഷം സംഭവിച്ച ഭരണ മാറ്റങ്ങളും രാഷ്ട്രീയങ്ങളും പല മൂല്യച്യുതികളും വരുത്തി വെച്ചിട്ടുണ്ട്. സോവിയറ്റാനന്തരം, പരിണിത ഫലമായി സംഭവിച്ച സാമൂഹിക അധോഗമനത്തിൽ നിന്നും സമുദായം മോചനം നേടി വരുന്നേ ഒള്ളൂ. മസ്ജിദുകളും മദ്രസകളും നിലവിൽ സജീവമാണെങ്കിലും, നിസ്കാരവും, ഹിജാബും, മറ്റ് ശരീഅത് നിയമങ്ങളും കൂടുതൽ പ്രചരിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പല സന്ദർഭങ്ങളിലും ബോധ്യപ്പെടുന്നുണ്ട്. ഇസ്ലാമിക രാഷ്ട്രങ്ങൾ വളർന്നു വരുമ്പോൾ പൊതുവെ, പാശ്ചാത്യ നിർമ്മിതിയായ ഇസ്ലാമോഫോബിയ, പൂർണ്ണമായ മത പ്രബോധനത്തിനും സ്വാതന്ത്ര്യത്തിനും വിവിധങ്ങളായ തടസ്സങ്ങൾ സൃഷ്ടിക്കാറുണ്ട്. അറിവില്ലായ്മയാണ് തെറ്റുദ്ധാരണകളുടെ മുഖ്യമായ കാരണം. ദീനുൽ ഇസ്ലാം വളരുന്നത് കൊണ്ട്, സാമൂഹിക നന്മയും, സുരക്ഷയും, രാജ്യ സ്നേഹവും വളരുകയാണ് ചെയ്യുകയെന്നും, തദ്‌ഫലമായി, രാഷ്ട്രത്തിനും ലോകത്തിനും ഉപകാരങ്ങളാണ് ലഭിക്കുകയെന്നും, ഭരണാധികാരികളെയും പൊതുജനങ്ങളെയും കൂടുതൽ ഉദ്ബുദ്ധരാക്കേണ്ടതുണ്ട്.

സോവിയറ്റ് കാലത്ത്, ഒരു സ്‌റ്റേറ്റും സ്വയം പര്യാപ്തത നേടരുത് എന്ന വാശിയുടെ അടിസ്ഥാനത്തിൽ, ഓരോ സ്റ്റേറ്റിനും ഓരോ കൃഷിയാണ് സോവിയറ്റ് ഭരണാധികാരികൾ അനുവദിച്ചിരുന്നത്. കോട്ടണായിരുന്നു ഉസ്‌ബെക്കിസ്ഥാൻ ഉദ്‌പാദിപ്പിച്ചിരുന്നത്. ഗോതമ്പ്, അരി, പച്ചക്കറികൾ അങ്ങനെ പലതുമായിരുന്നു ബാക്കിയുള്ളവരുടെ കൃഷിയിടങ്ങളിൽ വിളഞ്ഞിരുന്നത്. സ്വതന്ത്രമായ ശേഷം, ഓരോ സ്‌റ്റേറ്റും ആവശ്യമായ എല്ലാ കൃഷികളും ചെയ്യാൻ തുടങ്ങി. ഇന്ന്, ഓരോ സ്റ്റേറ്റിലും ഓരോ വിളകളും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

തൊട്ടടുത്ത ആഴ്ചയിൽ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഉസ്‌ബെക്ക് സന്ദർശിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഗാലറികൾ, ഗൈഡ് ഞങ്ങൾക്ക് കാണിച്ച് തന്നു. ഞാൻ ആ ഗാലറികളുടെ ഫോട്ടോയെടുത്ത് അൻവർ ഇബ്രാഹിമിന് അയച്ചു കൊടുക്കുകയും അവിടെ നടന്നു കൊണ്ടിരിക്കുന്ന ഒരുക്കങ്ങളെ പറ്റി അറിയിക്കുകയും ചെയ്തു. നിങ്ങളുടെയൊക്കെ ദുആ കൊണ്ട് എന്നദ്ദേഹം മറുപടിയും അയച്ചു. പേർഷ്യൻ മോഡൽ നിർമ്മിതികൾ മലേഷ്യയിലും നിർമ്മിക്കുന്നതിനായി, ഏഴ് കൊല്ലക്കാലം മലേഷ്യയിലായിരുന്നു താനുണ്ടായിരുന്നതെന്ന് ഞങ്ങളുടെ ഗൈഡ് സൂചിപ്പിച്ചു. പ്രധാനമന്ത്രിയാകുന്നതിനു മുൻപ് തന്നെ ധാരാളം മസ്ജിദുകൾക്ക് ഖിദ്മ ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരാളാണ് അൻവർ ഇബ്രാഹിം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചു മസ്ജിദുകൾക്കും, പഠിപ്പുരകൾക്കു പോലും ഭംഗിയുള്ള ഖുബ്ബകളുണ്ടാക്കുന്ന ഒരു ശീലം ആ നാടുകളിലെല്ലാം കാണാൻ കഴിയും. അല്ലാഹുവിന്റെ ഭവനങ്ങളും, ദീനിന്റെ ശിആറുകളും തലയെടുപ്പോടെ തന്നെ നില നിൽക്കണമെന്ന അവരുടെ ആഗ്രഹത്തിന്റെയും സന്നദ്ധതയുടെയും അടയാളങ്ങൾ കൂടെയാണവ. സെറാമിക് കൊണ്ടും, ഇരുമ്പ്, ചെമ്പ്, ടൈറ്റാനിയം പോലെയുള്ള ലോഹങ്ങൾ കൊണ്ടും നിർമ്മിച്ച പ്രത്യേക രൂപത്തിലുള്ള ഖുബ്ബകൾ കണ്ടപ്പോൾ നമ്മുടെ നാട്ടിലും അത്തരത്തിലുള്ള നിർമ്മിതികളുണ്ടാകണമെന്ന് മനസ്സിൽ വല്ലാതെ മോഹം തോന്നി. വിദഗ്ധരുമായി ചർച്ച ചെയ്ത്, നോളേജ് സിറ്റിയിലെ വിറാസിന് മുകളിൽ അതുപോലെയുള്ള രണ്ട് ഖുബ്ബകൾ സംവിധാനിക്കുന്നത്, താഴോട്ട് കൂടുതൽ വെളിച്ചം കിട്ടാനും, വായു ശുദ്ധമാകാനും, ശബ്ദം ക്രമീകൃതമാകാനും ഉപകരിക്കുമെന്ന് കരുതുന്നു. കഴിവും സഹായ മനസ്കതയുമുള്ളവർ ബന്ധപ്പെടുകയാണെങ്കിൽ, തുടർ നടപടികളെ കുറിച്ച് ആലോചിക്കണം. ഇൻ ശാഅല്ലാഹ്‌.

© 2024 Dr. MAH Azhari
⚡ziqx.cc