‘അല്ലാഹു അക്ബർ’ എന്ന പ്രഖ്യാപനമാണ് വിശ്വാസിയുടെ പെരുന്നാൾ

Dr. MAH Azhari
റമളാൻ എന്ന പാഠശാല ഒരിക്കൽ കൂടി അവസാനിച്ചിരിക്കുന്നു. ഹലാലായ കാര്യങ്ങൾ പോലും പലതും ചെയ്യാതെ, ക്ഷമയോടെ ജീവിക്കാൻ മനുഷ്യന് സാധിക്കുമെന്ന് നമ്മെ പഠിപ്പിച്ചും, ഹറാമായ മുഴുവൻ കാര്യങ്ങളോടും രാജിയാവാൻ സാധിക്കുമെന്ന ആത്മധൈര്യം നമുക്ക് പകർന്നു തന്നും വിശുദ്ധ മാസം പടിയിറങ്ങി. റമളാനിൽ നേടിയെടുത്ത വിശ്വാസത്തിലെ ദൃഢതയുടെ ആഘോഷമാണ് മുഅ്മിനിനെ സംബന്ധിച്ചിടത്തോളം പെരുന്നാൾ. ആ ഒരുൾബലത്തിന്റെ ഊർജ്ജത്തിലാണ് ഇനിയങ്ങോട്ടുള്ള മാസങ്ങളിൽ അല്ലാഹുവിനെ ഓർത്ത് നാം ജീവിക്കേണ്ടത്.

റമളാനിൽ വിശ്വാസി ധാരാളം ശീലങ്ങളെയും പരുവപ്പെടുത്തിയെടുത്തിട്ടുണ്ട്. സുബ്ഹിക്ക് മുൻപുള്ള ഉണർച്ചയും തഹജ്ജുദും പോലെയുള്ള നല്ല ശീലങ്ങൾ തുടർ ജീവിതത്തിലും കൂടെയുണ്ടാവണം. പള്ളിയുമായുള്ള ആത്മബന്ധം വിച്ഛേദിക്കപ്പെടരുത്. ജമാഅത്തും സുന്നത് നിസ്കാരങ്ങളും ശ്രദ്ധയിലുണ്ടാകണം. അല്ലാഹു ആദരിച്ചവയെ ആദരിക്കാനും, നിന്ദിച്ചവയെ നിന്ദിക്കാനും സാധിക്കണം.

എല്ലാവരെയും ഉൾക്കൊള്ളുമ്പോൾ മാത്രമാണ് വിശ്വാസിക്ക് സന്തോഷങ്ങൾ ആഘോഷങ്ങളാവുക. അതുകൊണ്ടാണ്, അയൽവാസിയുടെ പട്ടിണി മുഅ്മിനിന് വിഷയമായി വരുന്നത്, പുഞ്ചിരി സ്വദഖയായി മാറുന്നത്, സഹോദരന്റെ മനസ്സിനെ സന്തോഷിപ്പിക്കൽ പുണ്യ കർമമായിത്തീരുന്നത്.

ഈദുൽ ഫിത്വ്‌ര്‍, ഫിത്വ്‌ര്‍ സകാത്തിന്റെ കൂടി ദിനമാണ്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ് സകാത്ത്. നോമ്പിൽ വന്ന പാകപ്പിഴവുകളെ ദൂരീകരിക്കാൻ സാധിക്കുന്ന ഒന്നാണത്. സകാത്തിന്റെ സാമൂഹിക മാനങ്ങൾ വളരെ വലുതാണ്. കഴിവുള്ളവൻ, പ്രയാസമനുഭവിക്കുന്നവനെ ചേർത്തു പിടിക്കണമെന്നാണ് ഇസ്ലാമിന്റെ അധ്യാപനം. ഈദ് പോലൊരു ആഘോഷ ദിനം ആചരിക്കുന്നതിനു വേണ്ടി, അന്യന്റെ മുമ്പിൽ കൈ നീട്ടേണ്ട അവസ്ഥ ഒരു മുഅ്മിനിനും ഉണ്ടാകരുത് എന്ന ഇസ്ലാമിന്റെ താല്പര്യമാണ് യഥാർത്ഥത്തിൽ സകാത്തിനെ നിർബന്ധമാക്കുന്നത്. ഒരു സമുദായം എന്ന നിലയിൽ, മുസ്ലിമീങ്ങളെ മുഴുവനും സ്വയം പര്യാപ്തതയിലേക്കെത്തിക്കാനുള്ള ഒരു ഹിക്മത് കൂടി സകാതിന് പിന്നിലുണ്ടെന്ന് സാരം.

തക്ബീറുകളാണ് പെരുന്നാളിന്റെ മറ്റൊരു സവിശേഷത. അല്ലാഹുവാണ് ഏറ്റവും വലുത് എന്ന, റമളാനിൽ ഊട്ടിയുറപ്പിക്കപ്പെട്ട, വിശ്വാസത്തെ വിളംബരപ്പെടുത്തുകയാണ് തക്ബീറിലൂടെ വിശ്വാസി ചെയ്യുന്നത്. വലുതെന്ന് വിചാരിച്ചിരുന്ന പല കാര്യങ്ങളുടെയും നിസ്സാരത മനസ്സിലാക്കിയ ദിനങ്ങളാണ് റമളാനിലൂടെ കഴിഞ്ഞു പോയത്. ഭക്ഷണത്തിനു മുമ്പിലിരുന്നിട്ടു പോലും, മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത് വരെ ഭക്ഷണത്തിൽ തൊടാതെ നോമ്പുകാരന്റെ ക്ഷമയോടെയുള്ള കാത്തിരിപ്പ്, രക്ഷാധികാരിയായ അല്ലാഹുവിന്റെ അനുമതിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. ഉടമസ്ഥൻ നമ്മളാണെന്ന് പറയുമ്പോൾ പോലും, യഥാർത്ഥ ഉടമസ്ഥാവകാശം റബ്ബിനാണെന്ന് വിശ്വാസി അനുഭവത്തിലൂടെ വകവെച്ചു കൊടുക്കുകയും, മനുഷ്യന്റെ അടിമത്തത്തെ അല്ലാഹുവിനു മുമ്പിൽ അംഗീകരിച്ചു കൊടുക്കുകയുമാണ് അതിലൂടെ സംഭവിക്കുന്നത്.

ആഘോഷവും ആത്മീയതയും പരസ്പര ദ്വന്ദങ്ങളാണെന്നാണ് പലരുടെയും ധാരണ. അത് ശരിയല്ല. അല്ലാഹു തആല അനുവദിച്ച കാര്യങ്ങൾ മാത്രം ചെയ്യുക, ഉപേക്ഷിക്കാൻ പറഞ്ഞവ ഉപേക്ഷിക്കുക എന്നതാണല്ലോ ആത്മീയത. ശരീഅത്തിന്റെ അനുമതിയുള്ള എന്ത് ആഘോഷങ്ങളും മുഅ്മിനിന് ആഘോഷിക്കാവുന്നതാണ്. ദീനിന്റെ വിധിവിലക്കുകളുടെ പരിധികൾ ലംഘിക്കാതിരിക്കുക എന്നതാണ് പ്രധാനം.

സന്തോഷം പ്രകടിപ്പിക്കേണ്ടത് ആരാധനകളിലൂടെയാണ്. പെരുന്നാളെന്നാൽ ഒരുമിച്ച് കൂടലാണ്, പ്രാർത്ഥനയാണ്, നിസ്കാരമാണ്, ഖുതുബയാണ്, അല്ലാഹുവിലേക്കുള്ള മടക്കമാണ്. നല്ല ഭക്ഷണം, വസ്ത്രം, സുഗന്ധം, സ്വഭാവം, പുഞ്ചിരി, മുസാഫഹത്, കുടുംബ സന്ദർശനം, ദിക്റുകൾ, തുടങ്ങിയ നന്മകൾ കൊണ്ട് അലങ്കരിക്കേണ്ട അനുഗ്രഹീത ദിവസമാണത്.

ദുർവ്യയങ്ങളില്ലാതിരിക്കാനുള്ള സൂക്ഷ്മത കൈവിടാനും പാടില്ല. ദുർവ്യയങ്ങളുണ്ടാകുമ്പോൾ ആഘോഷങ്ങൾ അഹങ്കാരങ്ങളായി മാറും. ഒരു അടിമ എപ്പോഴും ഉടമയായ റബ്ബിന് വിധേയനായിരിക്കണം, അനുസരണയുള്ളവനായിരിക്കണം. റബ്ബിന്റെ കാരുണ്യവും അനുഗ്രഹവും കൊണ്ടു മാത്രമാണ് നമുക്ക് സന്തോഷവും സന്തുഷ്ടതയും സമാധാനവും ലഭിക്കുന്നത് എന്ന അചഞ്ചലമായ വിശ്വാസമായിരിക്കണം നമ്മെ മുന്നോട്ട് നയിക്കുന്നത്. മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കരുത്. ഹറാമായ യാത്രകളും മറ്റും പൂർണമായും വെടിയുകയും നന്മകൾ പരമാവധി ചെയ്തു കൂട്ടാൻ പരിശ്രമിക്കുകയും വേണം. പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്ന ദിനമായിട്ടാണ് ഈദിനെ പണ്ഡിതർ പരിചയപ്പെടുത്തുന്നത്. ഇത്തരം അസുലഭ നിമിഷങ്ങളെ ദുആകൾ കൊണ്ടും ദിക്റുകൾ കൊണ്ടും പരമാവധി മുതലെടുക്കുക എന്നതാണ് വിശ്വാസിയുടെ ദൗത്യം.

© 2024 Dr. MAH Azhari
⚡ziqx.cc