അഭിവാദസന്ദേശങ്ങളുടെ പെരുന്നാൾ

Dr. MAH Azhari
ഓർമകൾക്ക് ഇസ്ലാം നൽകുന്ന പ്രാധാന്യം ചെറുതല്ല. അമ്പിയാഇന്റെയും സ്വാലിഹുകളുടെയും ഓർമകൾ മാല മൗലിദുകളായും പ്രഭാഷണങ്ങളായും പാടിപ്പറയുന്ന ശീലം ഇസ്ലാമിനുണ്ട്. മുൻകാല പ്രവാചകന്മാരുടെ ചരിത്ര സംഭവങ്ങളെയും സന്ദർഭങ്ങളെയും വിശുദ്ധ ഖുർആൻ സമീപിച്ച രീതി ശ്രദ്ധിച്ചാൽ തന്നെ ഇക്കാര്യം ബോധ്യപ്പെടും.

അക്കൂട്ടത്തിൽ, ഇസ്ലാമിക ചരിത്ര ഏടുകളിൽ മുൻനിരയിൽ തന്നെ നിലകൊള്ളുന്ന, മുഹമ്മദീയ ഉമ്മത്തിന് അത്രമേൽ ബന്ധപ്പെട്ട ഒന്നാണ് ഇബ്റാഹീം (അ) ന്റെയും കുടുംബത്തിന്റെയും അധ്യായം. ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിൽ ഒന്നായ ഹജ്ജ്, പൂർണമായും ഇബ്റാഹീം (അ) ന്റെയും കുടുംബത്തിന്റെയും പാവന സ്മരണകളുടെ പുതുക്കലും അനുധാവനവുമാണെന്ന് നിസ്സംശയം പറയാം.

നിസ്കാരങ്ങളിലെ ഇബ്റാഹീമിയ സ്വലാത്തും, മില്ലത്ത് ഇബ്റാഹീം ചര്യകളുടെ പിന്തുടർച്ചയും, സയ്യിദുനാ മുഹമ്മദ്‌ നബി (സ്വ) യും ഇബ്റാഹീം നബി (അ) മും തമ്മിലുള്ള ബന്ധവും സാദൃശ്യവും തുടങ്ങി ധാരാളം കാരണങ്ങൾ കൊണ്ട് ഇബ്‌റാഹീം (അ) നമുക്ക് പ്രത്യേക അടുപ്പമുള്ളവരാണ്. ലോക ജനതകൾക്ക് മുഴുവനും ചില പാഠങ്ങൾ ബാക്കി വെച്ചു കൊണ്ടാണ് നബിയവറുകൾ ഈ ലോകത്ത് നിന്നും യാത്രയായത്. അല്ലാഹുവിന്റെ കല്പന വന്നു എന്നൊരൊറ്റ കാരണത്തിന്റെ പേരിൽ, മറ്റൊരു ചിന്തക്കും വക നൽകാതെ കൽപ്പിക്കപ്പെട്ട കാര്യം നിറവേറ്റാൻ ഒരുമ്പെട്ടിറങ്ങിയ ഇബ്റാഹീം (അ) നെയാണ് ചരിത്രത്തിൽ കാണാൻ സാധിക്കുന്നത്. വിധേയപ്പെടലിന്റെയും, അക്ഷരാർത്ഥത്തിൽ അടിമയായി നിലകൊള്ളുന്നതിന്റെയും ആഴവും ആശയവുമാണ് അവിടന്ന് നമുക്ക് പകർന്നു തന്നത്.

മറുചോദ്യങ്ങളോ, വളച്ചൊടിക്കലുകളോ ഇല്ലാതെ ശറഇന്റെ കല്പനകളെ, ആഹ്വാനങ്ങളെ, നിർദ്ദേശങ്ങളെ പിന്തുടരേണ്ടത്തിന്റെ ആവശ്യകത തലമുറകൾക്ക് കൈമാറേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. രൂപപ്പെടുന്ന ആശങ്കകൾക്കും ആവലാതികൾക്കുമുള്ള പരിഹാരം, നമ്മെ കാത്തിരിക്കുന്നുണ്ട് എന്ന സമാധാനത്തിന്റെ തിരിനാളത്തിലേക്ക് ജനങ്ങളെ അടുപ്പിക്കാൻ നമുക്ക് സാധിക്കണം. അങ്ങനെയാണ്, സംസമുകൾ ഉറവ പൊട്ടുന്നത്. സ്വഫാ മർവകൾ, കയറിയാൽ പുണ്യമുള്ള മലകളായി മാറുന്നത്. ലോകാവസാനം വരെ വിശ്വാസികളാൽ സ്മരിക്കപ്പെടുക, അല്ലാഹുവിന്റെ തൃപ്തി ലഭിക്കുക എന്നതിനേക്കാൾ വലിയ ആശ്വാസവും ഭാഗ്യവും മറ്റെന്താണുള്ളത്!

അനന്തരം ഹജ്ജ് നിലവിൽ വന്നു. ലക്ഷക്കണക്കിന് വിശ്വാസികൾ ഓരോ വർഷവും കഅ്ബയുടെ തിരുമുറ്റത്ത് എത്തിച്ചേർന്ന് ഉന്നതനായ അല്ലാഹുവിനെ വാഴ്ത്താൻ തുടങ്ങി. വംശമോ വർഗമോ ദേശമോ നിറമോ സമ്പത്തോ സ്ഥാനമോ മറ്റെന്തെങ്കിലും മാനദണ്ഡമോ പരിഗണിക്കാതെ, സകല ജനങ്ങളും ഒരേ മുറ്റത്ത് ഒരുമിച്ച് കൂടുന്നു. ഒരേ വെയിലും ഒരേ തണുപ്പും കൊള്ളുന്നു. ഒരേ സംസം കുടിക്കുന്നു. ഒരേ അറഫയിൽ സംഗമിക്കുന്നു. സാഹോദര്യവും സമത്വവും ഉദ്ഘോഷിക്കുന്ന ലോകത്തെ ഏറ്റവും വലിയ സമ്മേളനം വർഷാ വർഷം ആവർത്തിച്ച് സംഭവിക്കുന്നു. സുബ്ഹാനല്ലാഹ്!

അങ്ങനെ സംഭവിക്കാൻ കാരണമുണ്ട്. ലോകത്തിന്റെ ഗുരുവര്യർ സയ്യിദുൽ വുജൂദ് മുഹമ്മദ്‌ നബി (സ്വ) അറഫയിൽ വെച്ച് നടത്തിയ പ്രഭാഷണം, ലോകം കണ്ട അസാമാന്യ മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെ വേദിയായിരുന്നു.

സമാധാനത്തോടെ ജീവിക്കുക, മറ്റുള്ളവരെ സമാധാനത്തോടെ ജീവിക്കാനനുവദിക്കുക. അതായിരുന്നു അറഫയിൽ അരങ്ങേറിയ വിളംബരം. ജനിച്ചത് പെൺകുഞ്ഞാണെന്നറിയുമ്പോൾ ജീവനോടെ കുഴിച്ചു മൂടിയിരുന്ന ഒരു ജനതയോട്, സ്ത്രീകൾക്ക് നിങ്ങളോടും നിങ്ങൾക്ക് സ്ത്രീകളോടും ബാധ്യതകളുണ്ടെന്ന് നബി (സ്വ) പഠിപ്പിച്ചു. അറബിക്കോ അനറബിക്കോ പ്രത്യേക പദവിയില്ലെന്നും, എല്ലാവരുടെയും പിതാവ് ഒരാൾ തന്നെയാണെന്നും, ആ പിതാവ് മണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ടവരാണെന്നും അറഫയിൽ വിജ്ഞാപനം നടന്നു. അല്ലാഹുവിങ്കൽ ബഹുമാന്യൻ തഖ്‌വയുള്ളവൻ മാത്രമാകുന്നു. വിവേചനങ്ങളില്ലാത്ത ഒരു ലോകത്തിന്റെ ഭൂപടം അന്ന് വരക്കപ്പെട്ടു.

നിലനിന്നിരുന്ന സകല പ്രത്യേകാനുകൂല്യങ്ങളും കൈവെള്ളയിലുണ്ടായിരുന്ന ഒരാളായിരുന്നു, സമത്വവും മനുഷ്യാവകാശവും ഉദ്ഘോഷിച്ച അറഫയിലെ ആ പ്രഭാഷകൻ എന്നറിയുമ്പോഴാണ് അവിടന്ന് നടത്തിയ അധ്വാനങ്ങളുടെയും ആഹ്വാനങ്ങളുടെയും ആത്മാർത്ഥതയും അമാനുഷികതയും ബോധ്യപ്പെടുക.

ഇബ്‌റാഹീം (അ) ന്റെ ചരിത്രവും ഹജ്ജും ഉള്ഹിയ്യത്തുമെല്ലാം നമ്മെ ഓർമിപ്പിക്കുന്നത്, വിധേയത്വത്തിന്റെയും തവക്കുലിന്റെയും മന്ത്രണങ്ങളാണ്. ആ ഓർമകളെ പുതുക്കുമ്പോൾ സംഭവിക്കുന്നത്, വിചിന്തനവും ആത്മസംസ്കരണവുമാണ്. ആത്മീയതയുടെ മധുരമാകണം ആഘോഷങ്ങളുടെ രുചി. പെരുന്നാളുകൾ ലക്ഷ്യം മറക്കുന്നവ ആകാതിരിക്കട്ടെ.
© 2024 Dr. MAH Azhari
⚡ziqx.cc