ആഘോഷിക്കപ്പെടേണ്ട യുവോർജം

Dr. MAH Azhari
"ക്ലിക്കുകളിൽ നിന്ന് പുരോഗതിയിലേക്ക്: സുസ്ഥിര വികസനത്തിനായുള്ള യുവജന ഡിജിറ്റൽ പാതകൾ" എന്ന തീമിലാണ് ഈ വർഷത്തെ അന്താരാഷ്ട്ര യുവജന ദിനം (ഓഗസ്റ്റ് 12) ആചരിക്കപ്പെടുന്നത്. ഡിജിറ്റൽ സാങ്കേതികതകൾ ഉപയോഗിച്ച് ഭൂമിക്കും സമൂഹത്തിനും അനുഗുണമായ ധാരാളം കാര്യങ്ങൾ ചെയ്യുക സാധ്യമാണ്. ആഗോള ജീവിതത്തിൽ അനിഷേധ്യവും അവിഭാജ്യവുമായ ഒന്നാണ് ഡിജറ്റൽ ലോകം എന്നതിൽ സംശയമില്ല. ആ സാധ്യതയെ യുവത്വവുമായി ബന്ധപ്പെടുത്തുമ്പോൾ യുഎൻ മുന്നോട്ടു വെച്ച ആശയത്തിന് കട്ടിയും കനവും കൂടുന്നുണ്ട്.

സാങ്കേതിക വിദ്യയുടെ ശക്തി വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിലൂടെ, ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും സാമൂഹിക നീതി ഉറപ്പ് വരുത്താനും സുസ്ഥിര വികസനത്തിന് സംഭാവന നൽകാനും യുവാക്കൾക്ക് കഴിയും. യുവത്വം എന്ന വിഭവത്തെയും സാങ്കേതികത എന്ന വിഭവത്തെയും പരമാവധി ഉപയോഗപ്പെടുത്തുമ്പോൾ വലിയ വിപ്ലവങ്ങൾ സാധ്യമാകും. എന്നാൽ, വേണ്ട വിധം ഉപയോഗപ്പെടുത്താനാകാതെ ചോർന്നു പോകുന്നു എന്നതാണ് യുവോർജത്തിനും സാങ്കേതികതക്കും പൊതുവായുള്ള വിശേഷണം. യുവോർജം കൊണ്ട് സാങ്കേതികതയും, സാങ്കേതികത കൊണ്ട് യുവോർജ്ജവും പരിപോഷിപ്പിക്കപ്പെടണം. ഒന്ന് മറ്റൊന്നിനെ നശിപ്പിക്കാൻ കൂട്ട് നിൽക്കുന്നതാവരുത്.

ഇരുതല മൂർച്ചയുള്ള വാളാണ് യുവത്വവും ഡിജിറ്റൽ ലോകവും. നന്മയുടെയും തിന്മയുടെയും ഇടയിൽ വളരെ നേരിയ ഒരു നൂൽപ്പാലം മാത്രമേ അവശേഷിക്കുന്നൊള്ളൂ. ശരിയായ മാർഗോപദേശം രണ്ടിലും അനിവാര്യമാണ്. എഐ ഉൾപ്പടെയുള്ള ഏറ്റവും പുതിയ സംവിധാനങ്ങളിൽ ധാരണയും വിവരവുമുള്ള യുവജനം വളർന്നു വരണം. നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലും മറ്റും അതിനാവശ്യമായ നവീകരണം ആവശ്യമാണ്.

ക്രിയാത്മകതയുടെയും ഊർജസ്വലതയുടെയും കാലഘട്ടമാണ് യുവത്വം. മനുഷ്യന്റെ പ്രായഘടനയിൽ ഏറ്റവും കൂടുതൽ ചലനം നടക്കുന്നതും, പിടിച്ചു കെട്ടി വരുതിയിൽ കൊണ്ടുവരാൻ മനുഷ്യൻ ഏറെ പ്രയാസപ്പെടുകയും ചെയ്യുന്ന സമയം കൂടിയാണത്. വിധി പറയുന്ന ദിവസം, അല്ലാഹുവിന്റെ പ്രത്യേക പരിഗണന ലഭിക്കുമെന്ന് പറഞ്ഞ്, നബി (സ്വ) പരിചയപ്പെടുത്തിയ ഏഴ് വിഭാഗങ്ങളിൽ ഒന്ന് അല്ലാഹുവിന്റെ ആരാധനനയിലായി യുവത്വത്തെ ചിലവഴിച്ചവരാണ്. അതല്പം പ്രയാസപ്പെട്ട ദൗത്യമാണെന്ന് അതിൽ നിന്നും മനസ്സിലാക്കാം.

മൂല്യം മനസ്സിലാക്കാതെ നഷ്ടപ്പെടുത്തിക്കളയാൻ സാധ്യതയുള്ള ഒരനുഗ്രഹമാണ് യുവത്വം. അഞ്ച് കാര്യങ്ങൾക്കു മുൻപുള്ള അഞ്ച് കാര്യങ്ങളെ നിങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് തിരുനബി (സ്വ) പഠിപ്പിക്കുന്നു. വാർധക്യത്തിനു മുൻപുള്ള യുവത്വമാണ് അതിലൊന്ന്. നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും മനുഷ്യൻ അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കാറുള്ളത്. അതിനു മുൻപേ അനുഗ്രഹത്തിന്റെ വലുപ്പം മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് ബുദ്ധിയുള്ള മനുഷ്യന്റെ അടയാളം.

വൈയക്തികവും സാമൂഹികവുമായ വികസനത്തിന് അനല്പമായ സംഭാവനകൾ നൽകാൻ യുവോർജത്തിന് സാധിക്കും. ലഹരികൾക്കോ, കളി തമാശകൾക്കോ പണയം വെച്ച് ഒരു കാരണവശാലും ആ ഊർജത്തെ നഷ്ടപ്പെടുത്തരുത്. ലോകം നേരിടുന്ന മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ യുവത്വത്തിന് സാധിക്കും. അതിന് ഏറ്റവും കൂടുതൽ ഉപകാരപ്പെടാവുന്ന ഒരു ഉപകരണമായാണ് ഡിജിറ്റൽ സംവിധാനങ്ങൾ പരിഗണിക്കപ്പെടേണ്ടത്.

മൂല്യങ്ങളെ കുറിച്ച് യുവാക്കൾ ബോധവത്കരിക്കപ്പെടണം. എങ്കിൽ മാത്രമേ, അവർക്ക് തന്നെ അവരെ നേരായ മാർഗത്തിൽ നയിക്കാൻ സാധിക്കുകയൊള്ളൂ. അല്ലാത്ത പക്ഷം, നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന മുതിർന്നവർ ഇല്ലാതാകുന്നതോടെ, അവർ വഴികേടിലായിപ്പോകാൻ സാധ്യത കൂടുതലാണ്. മൂല്യങ്ങളെ കുറിച്ചുള്ള ബോധ്യമില്ലാത്തത് കൊണ്ടാണ് സാമൂഹിക തിന്മകൾ യുവാക്കൾക്കിടയിൽ പ്രചരിക്കുന്നത്. ഉത്തരവാദിത്തങ്ങളെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും അവരുമായി നിരന്തരം സംവദിക്കപ്പെടണം. വളരെ പ്രതീക്ഷാവഹമായ ഒരു യുവത വളർന്നുവരുന്നുണ്ട്.

വയനാട്ടിലും മറ്റുമായി നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ എത്ര സജീവമായാണ് പുതിയ ചെറുപ്പക്കാർ പ്രതിബദ്ധത കാണിക്കുന്നത്. അവരുടെ പോസിറ്റീവ്നെസിനെ ആഘോഷിക്കുകയും, നെഗറ്റീവിറ്റിയെ സ്വകാര്യമായി തിരുത്തുകയുമാണ് വേണ്ടത്. ചാപ്പ കുത്തലുകൾ ഒരു വിധേനയും അനുഗുണമല്ലെന്ന് മനസ്സിലാക്കണം.

© 2024 Dr. MAH Azhari
⚡ziqx.cc