ബഹുമാനത്തോടെ ബുഖാറയിൽ

Dr. MAH Azhari

ഉസ്ബെക് ഡയറീസ് 3

ബുഖാറ സമ്മാനിക്കുന്ന അനുപമ ഇലാഹീ ജ്യോതി, മനസ്സിന് ശാന്തിയും സമാധാനവും നൽകുന്ന ഒന്നാണ്. ഫജ്ർ നിസ്കാരാനന്തരം, ആത്മീയാനുഭൂതിയിലിരിക്കുന്ന സംഘവുമായി, ദിക്റിന്റെ മഹത്വത്തെയും സ്വാധീനത്തെയും കുറിച്ച് അല്പം ചില കാര്യങ്ങൾ ചർച്ച ചെയ്തു. ഹൈദരാബാദിലെ അബൂ ഖാലിദ് മൂസാ സാഹിബുമുണ്ടായിരുന്നു കൂടെ. ശാന്തമായ നഗരത്തിലൂടെ നടക്കാനിറങ്ങി. ഖോജ അബ്ദുൽ ഖാലിഖ് ഗജ്ദുവാനി, മുഹമ്മദ് ആരിഫ്, മഹ്മൂദ് അഞ്ചീർ ഫഖ്‌നവി, ഖോജ അലി റമിതാനി, മുഹമ്മദ് ബോബോ സമോസി, സയ്യിദ് അമീർ കുലാൽ, ബഹാഉദ്ദീൻ നഖ്ശബന്ദി തുടങ്ങിയ നഖ്ശബന്ദി ശൈഖുമാരായ ഏഴ് മഹാത്മാക്കൾ അന്ത്യ വിശ്രമം കൊള്ളുന്ന നാടാണ് ബുഖാറ.

ബുഖാറക്കാർ അവരുടെ വന്ദ്യരായ ഗുരുപരമ്പരകളെ അത്യന്തം ആദരവോടെയാണ് കൊണ്ടുനടക്കുന്നത്. അഞ്ചും പത്തും ഏക്കറുകളുള്ള വിശാലമായ ക്യാമ്പസുകളായാണ് ഓരോരുത്തരുടെയും മഖ്ബറകളുള്ളത്. മനോഹരമായ തോട്ടങ്ങളും, പാർക്കുകളും, ഇരിപ്പിടങ്ങളും, മസ്ജിദുകളുമൊക്കെയായി കൺകുളിർമ്മയേകുന്ന കാഴ്ചകൾ. എടുത്തു പറയേണ്ട വൃത്തിയും വെടിപ്പും. മാർബിൾ പാളികൾ വിരിച്ചിട്ട ലളിതവും സുന്ദരവുമായ നിർമ്മിതികൾ. ജനൽ തിണ്ടുകളിലും നടുമുറ്റങ്ങളിലും, കാണാൻ ചേലുള്ള ചെടികൾ. റൂമുകൾക്കുള്ളിലായാലും, മരച്ചുവട്ടിലായാലും ഇരിക്കാൻ പാകത്തിൽ നിരത്തിയിട്ട ബെഞ്ചുകൾ. സന്ദർശകരെ സമാശ്വസിപ്പിക്കുന്ന ചുറ്റുപാടുകൾ കൊണ്ട് തന്നെ, ആ ഇടങ്ങൾ മനസ്സിൽ പതിഞ്ഞു കിടക്കും. നഖ്ശബന്ദി ത്വരീഖത്തിന്റെ ആത്മാവായ ശാന്തിയും നിശബ്ദതയും സമാധാനവും, അതിന്റെ ആസ്ഥാനങ്ങളിൽ നിന്നു പോലും അനുഭവിക്കാൻ സാധിക്കുന്നത് ഹൃദ്യമായ ഒരനുഭവമാണ്.

ഖലീഫമാർ മുഖേന ഒടുവിൽ ശൈഖിലേക്ക് എത്തിച്ചേരുന്ന സനദ് പോലെത്തന്നെ, ക്രമമനുസരിച്ചാണ് ഏഴ് മസാറുകളിലും സിയാറത്തും നടക്കുന്നത്. ചില മഖാമുകൾ സഞ്ചാരത്തിനിടയിൽ കാണുമെങ്കിലും, ക്രമ പ്രകാരം തന്നെയാണ് സിയാറത് ചെയ്യുക. എല്ലാ മഖാമുകളിലും പ്രത്യേകമായി ശ്രദ്ധിച്ച മറ്റൊരു കാര്യം, ഖബറുകൾക്ക് ചുറ്റും മതിലും മേൽക്കൂരയുമുള്ള ഒരു എടുപ്പുണ്ടാകും എന്നതാണ്. ഖബർ നേരിട്ട് കാണാനോ, വളരെ അടുത്ത് ചെന്ന് സിയാറത് ചെയ്യാനോ കഴിയില്ല. ചില ഉത്തരേന്ത്യൻ ഭാഗങ്ങളിൽ, ചിലയാളുകളെങ്കിലും, വിവരമില്ലാതെ ചെയ്ത് കൂട്ടുന്ന, സുജൂദ് പോലെയുള്ള, ഒരു ബിദ്അത്തിനും സാധ്യതയില്ലാത്ത വിധം പഴുതടച്ചാണ് സന്ദർശന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

സയ്യിദ് അമീർ ശൈഖിന്റെ മഖാമിൽ വെച്ച് ദാഗിസ്ഥാൻകാരായ ഏതാനും ചില ആലിമീങ്ങളെ കാണാനിടയായി. കേട്ടറിഞ്ഞ് അവർ ബസ്സിൽ വന്ന് പരിചയപ്പെടുകയായിരുന്നു. അടുത്ത മഖാമിൽ ചെന്നപ്പോൾ അവിടെ വെച്ചും അവരെ കണ്ടു. മുഅ്തമദ് കണ്ടെത്തലും അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്തലും തുടങ്ങി, ശാഫിഈ ഫിഖ്ഹിൽ ആഴത്തിലുള്ള ഗഹനമായ ചർച്ചകൾ നടക്കുന്ന, കേരളം പോലെയുള്ള ഒരിടമാണ് ദാഗിസ്ഥാൻ. മർകസും ജാമിഉൽ ഫുതൂഹുമടക്കം കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന, ദാഗിസ്ഥാനിലെ സമീപ കാല പണ്ഡിതരിൽ പ്രധാനിയായ ശൈഖ് അൻവർ, അന്നേ ദിവസങ്ങളിൽ കേരളത്തിലുണ്ടെന്ന വാർത്ത ഞാനവരോട് പങ്കു വെക്കുകയും, അവർ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ധാരാളം കിതാബുകൾ രചിച്ചിട്ടുള്ള മഹാവ്യക്തിത്വമാണ് ശൈഖ് അൻവർ. അനേകം നുസ്‌ഖകളെ കുറിച്ച് ഗവേഷണം നടത്തി, തെളിവുകളെയും പ്രമാണങ്ങളെയും ഉദ്ധരിച്ച്, ടിപ്പണിയോടു കൂടെ അദ്ദേഹം പ്രസിദ്ധീകരിച്ച തുഹ്ഫയുടെ പുതിയ പതിപ്പ്, ലോക പണ്ഡിതരെ മുഴുവൻ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഇമാം അബൂബക്ർ അൽമറാഗിയുടെ അൽമശ്റഉ റവി മിൻ മിൻഹാജി ന്നവവി എന്ന കിതാബ് ഈയിടെ എനിക്കദ്ദേഹം അയച്ചു തരികയും ചെയ്തിരുന്നു.



അഞ്ച് പതിറ്റാണ്ടിലേറെ കാലമായി നടന്നു വരുന്ന മദ്രസയാണ് മീർ അറബ് മദ്രസ (യൂണിവേഴ്സിറ്റി). മുൻ ഭാഗത്തുള്ള മസ്ജിദേ കലാനും പരിസര പ്രദേശങ്ങളും, പൗരാണികതയുടെയും ആർക്കിടെക്ചറിന്റെയും സൗന്ദര്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന മകുടോദാഹരണങ്ങളായതിനാൽ, അസംഖ്യം ടൂറിസ്റ്റുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിത്യേന ഇവിടെയെത്തുന്നത്. അകത്തേക്ക് പ്രവേശനാനുമതി നൽകിയാൽ, വിദ്യാർഥികളുടെ പഠനത്തിന് അതൊരു തടസ്സമാകാൻ സാധ്യതയുള്ളത് കൊണ്ട്, കവാടത്തിനടുത്തുള്ള റിസപ്ഷൻ വരെ മാത്രമേ സന്ദർശകർക്ക് പ്രവേശനമൊള്ളൂ. അതിഥികൾ വർധിക്കുന്ന സമയങ്ങളിൽ നമ്മുടെ സ്ഥാപനങ്ങളിലും അത്തരം പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്. മർകസിൽ, ക്ലാസ് റൂം പരിസരത്തു നിന്നും മാറി, പുതിയ ദീവാൻ ബിൽഡിങ് സജ്ജീകരിക്കാനുണ്ടായ കാരണവും അതായിരുന്നു.

അവിടെ നിന്നും ഹാഫിൾ അബ്ദുസ്സ്വമദ് ബിൻ അബ്ദിൽ ബാസിത് എന്ന ഒരധ്യാപകനെ പരിചയപ്പെട്ടു. അകത്തു ചെന്ന്, ഞങ്ങൾ 33 ആളുകൾക്ക് അകത്തേക്ക് പ്രവേശിപ്പിക്കാനുള്ള അനുമതിയും വാങ്ങി അദ്ദേഹം തിരിച്ചു വന്നു. സൗന്ദര്യവും സൗകര്യങ്ങളുമുള്ള വിശാലമായ കെട്ടിടങ്ങൾ. മദ്രസയുടെ ഏറ്റവും സ്വകാര്യ ഇടങ്ങളിലൊന്നാണ് മുറബ്ബിയുടെ ഇരിപ്പിടം. പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ആ മുറിയിലേക്ക് ഇടുങ്ങിയ ഗോവണി കയറി വേണം പോകാൻ. വിശേഷാനുമതി വാങ്ങിയ ശേഷം, എന്നെ മാത്രം അവിടെ കയറാൻ അദ്ദേഹം അനുവദിച്ചു.

ഉയരം കുറഞ്ഞ, അധികം വിസ്‌തൃതിയില്ലാത്ത ചെറിയൊരു മുറി. വാതിലിന്റെ ഒരു വശത്ത് വുളൂഅ് ചെയ്യാനുള്ള തളം. മറു വശത്ത് ഭക്ഷണം പാകം ചെയ്യാനുള്ള ഒരു കുഞ്ഞടുപ്പ്. നാടുവിലൊരു ഉയരം കുറഞ്ഞ മേശ. ആത്മീയ കൂടിയിരിക്കലുകൾക്ക് വേണ്ടി മാത്രം സജ്ജീകരിച്ച ആദ്യ മുറിയിൽ നിന്നും, അതിനേക്കാൾ ഇടുങ്ങിയ മറ്റൊരു മുറിയിലേക്കു കൂടി പ്രവേശിക്കാം. സൃഷ്ടികളിൽ നിന്നെല്ലാം വിട്ടു നിന്ന്, സ്രഷ്ടാവിനെ മാത്രം ചിന്തിച്ച്, ഇബാദത്തിലായി ഖൽവത്തിലിരിക്കാൻ വേണ്ടിയുള്ളതാണ് ആ മുറി. ഉള്ളിൽ, വായു സഞ്ചാരത്തിന് ചെറിയൊരു ജാലകമുണ്ട്. ജമാഅത്തിന് പള്ളിയിലേക്ക് എത്തിപ്പെടാൻ പ്രയാസവുമില്ല. പഠിതാക്കളുടെ ആത്മീയ വളർച്ചക്കും നിയന്ത്രണത്തിനും വേണ്ടി, ഒരാത്മീയ ഗുരുവിന്റെ സാന്നിധ്യം അക്കാലങ്ങളിലെ സ്ഥാപനങ്ങളിൽ ഉറപ്പാക്കിയിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. റബ്ബിലേക്ക് അടുക്കുക എന്ന പരമപ്രധാന ലക്ഷ്യത്തെ മറന്നു പോകരുതല്ലോ.

© 2024 Dr. MAH Azhari
⚡ziqx.cc